അരക്ഷിതരായത് ഐ ഗ്രൂപ്പ് വിട്ടവര്‍
തിരുവനന്തപുരം: പാര്‍ട്ടി പിളരാതിരിക്കാനും യുഡിഎഫ് സര്‍ക്കാരിന് ഭീഷണിയുണ്ടാവാതിരിക്കാനും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ഒത്തുതീര്‍ക്കാനുമുള്ള ശ്രമം തുടരുമ്പോള്‍ അരക്ഷിതരാവുന്നത് കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരാണ്. ഐ ഗ്രൂപ്പില്‍ നിന്ന് പലപ്പോഴായി വിട്ടുപോന്ന ഇവര്‍ക്ക് ഇപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ ഭാവിയെ പറ്റിയുള്ള ഉത്കണ്ഠയാണുള്ളത്.
മന്ത്രി കെ. വി. തോമസ്, കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍, പി. ജെ. ജോയി, സി. പി. മുഹമ്മദ്, വി. ജെ. പൗലോസ്, വര്‍ക്കല കഹാര്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരാണ് ഗ്രൂപ്പ് വഴക്കിന്റെ പല ഘട്ടങ്ങളിലായി കരുണാകരഗ്രൂപ്പ് വിട്ടുപോന്നത്. കരുണാകര വിഭാഗത്തെ അനുനയിപ്പിക്കുന്ന ഒരു പരിഹാരമാര്‍ഗത്തിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന സൂചന നിലനില്‍ക്കെ അരക്ഷിതരാവുന്നത് ഈ എംഎല്‍എമാരാണ്. ഇവരില്‍ പലരും ഒറ്റയ്ക്കും കൂട്ടായും മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് തങ്ങളുടെ ഉത്കണ്ഠകള്‍ അറിയിച്ചിട്ടുണ്ട്.
മന്ത്രി തോമസാണ് ഇവരുടെ കൂട്ടത്തില്‍ ആദ്യം ഐ ഗ്രൂപ്പ് വിട്ടത്. ഐ ഗ്രൂപ്പ് പ്രതിനിധിയെന്ന നിലയില്‍ മന്ത്രിസഭയിലെത്തിയ തോമസിന് പ്രശ്നപരിഹാര ഫോര്‍മുല രൂപം കൊള്ളുമ്പോള്‍ തന്റെ മന്ത്രിസ്ഥാനം പോവുമോ എന്ന ആശങ്കയാണുള്ളത്. എം. പി. ഗംഗാധരനും സി. പി. മുഹമ്മദും രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ഐ ഗ്രൂപ്പിനോട് വിട പ്രഖ്യാപിച്ചത്. മറ്റുള്ളവര്‍ കെ. കരുണാകരന്റെ ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങള്‍ക്കിടയിലും.
പാര്‍ട്ടിയെ രക്ഷിക്കുന്നതിന് നിര്‍ണായകമായ ഘട്ടങ്ങളിലാണ് തങ്ങള്‍ ഐ ഗ്രൂപ്പ് വിട്ടതെന്ന് കണക്കിലെടുത്ത് തങ്ങള്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാവുന്നത് ഒഴിവാക്കണമെന്നാണ് ഈ എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിനായുള്ള ഫോര്‍മുലയ്ക്ക് രൂപം നല്‍കുമ്പോള്‍ തങ്ങളെ സംരക്ഷിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.












Click it and Unblock the Notifications