ലയനത്തിന് പി. സി. തോമസും?
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ കേന്ദ്രമന്ത്രി പി. സി. തോമസിന്റെ നേതൃത്വത്തിലുള്ള ഐഎഫ്ഡിപിയും ലയിച്ചേക്കുമെന്ന് സൂചന.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പിളള, ജേക്കബ് ഗ്രൂപ്പുകള്‍ ലയിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ്- എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന ഇവരുമായി ചേരാന്‍ മാണി ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ച പി. സി. തോമസിന് താത്പര്യമുണ്ട്. ഇതുസംബന്ധിച്ച് മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇതിനായി കേന്ദ്രമന്ത്രി സ്ഥാനം ചിലപ്പോള്‍ പി. സി. തോമസ് രാജിവച്ചേക്കും. എന്‍ഡിഎയുമായി സഖ്യമുള്ള പി. സി. തോമസിന് യുഡിഎഫില്‍ ചേര്‍ന്നാല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചേ പറ്റൂ.
മൂന്ന് പാര്‍ട്ടികളും ചേര്‍ന്നാല്‍ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം തങ്ങള്‍ക്ക് നേടാനാവും എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസ്-എം ഏറെ കാലമായി കൈവശം വച്ചിരിക്കുന്ന മൂവാറ്റുപുഴ മണ്ഡലം നേടിയെടുക്കുക എന്നതാണ് മൂന്ന് പാര്‍ട്ടികളുടെയും നേതാക്കളുടെ ലക്ഷ്യം. മൂവാറ്റുപുഴ എംപി ഇപ്പോള്‍ പി. സി. തോമസാണെങ്കിലും ഐഎഫ്ഡിപിക്ക് ഒറ്റയ്ക്കുനിന്ന് അവിടെ ജയിക്കാനാവുമെന്ന പ്രതീക്ഷയില്ല.
കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി. സി. ജോര്‍ജിനെയും തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ഇവര്‍ക്ക് താത്പര്യമുണ്ട്. കെ. എം. മാണിയോട് രാഷ്ട്രീയശത്രുതയുള്ള ഈ പാര്‍ട്ടികളെല്ലാം ചേര്‍ന്നാല്‍ മാണി ഗ്രൂപ്പിനെതിരെ പ്രബലശക്തിയായി മാറാനാവും എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ എല്‍ഡിഎഫ് വിട്ട് പി. സി. ജോര്‍ജ് പുതിയ പാര്‍ട്ടിയില്‍ ലയിക്കാന്‍ തയ്യാറാവുമോ എന്ന് വ്യക്തമല്ല.
കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ തലവേദനയുമായി കഴിയുന്ന യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും മാണി ഗ്രൂപ്പും തമ്മിലുള്ള ഇടച്ചില്‍ പുതിയ യുദ്ധവേദി ഒരുക്കിയിരിക്കുകയാണ്. തങ്ങളോട് ശത്രുത പുലര്‍ത്തുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ലയിക്കുന്നത് ഭീഷണിയാവുമെന്ന് മുന്‍കൂട്ടി കണ്ടാണ് പിള്ളയെയും ജേക്കബിനെയും യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പെത്തുന്നതോടെ യുഡിഎഫില്‍ പുതിയ കലാപം പൊട്ടിപ്പുറപ്പെടുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications