നേതൃമാറ്റം: ലീഗില്‍ രണ്ടഭിപ്രായം
തിരുവനന്തപുരം: കേണ്‍ഗ്രസിലെ നേതൃമാറ്റ പ്രശ്നത്തില്‍ തുടക്കം മുതലേ ലീഗില്‍ രണ്ട് അഭിപ്രായമാണ്. എന്നാല്‍ സാഹചര്യങ്ങള്‍ അനുസരിച്ച് അവര്‍ പുറത്ത് പറയുന്ന തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു.
നേതാവ് മാറണമെന്ന് ദില്ലിയില്‍ ഒരു തവണ ഇ. അഹമ്മദ് സോണിയയോട് പറയുകയും ചെയ്തു. മാത്രമല്ല കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകരുതെന്നതാണ് ലീഗിന്റെ പ്രധാന അഭിപ്രായമായി പറയുന്നത്. ആന്റണി മാറേണ്ടതില്ലെന്ന് അവര്‍ തീര്‍ത്ത് പറയുന്നില്ല. വല്ലപ്പോഴും പി. കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് ഈ അഭിപ്രായം സൂചിപ്പിയ്ക്കുന്നത്.
ലീഗില്‍ രണ്ട് അഭിപ്രായമുള്ളവരും ഉണ്ട്. എന്നാല്‍ ആന്റണി മാറണമെന്ന അഭിപ്രായമുള്ളവരാണ് കൂടുതല്‍. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് ആന്റണി തന്നെ മുഖ്യമന്ത്രി കസേരയില്‍ തുടരണമെന്ന അഭിപ്രായമുള്ള ആള്‍. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറവാണ്. നേതൃത്ത്വം മാറണമെന്ന പ്രധാന അഭിപ്രായക്കാരന്‍ ഇ. അഹമ്മദാണ്.
ഐക്യമുന്നണി ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം അടുത്തു തന്നെ ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. അപ്പോള്‍ നേതൃത്വം മാറണമെന്ന ആവശ്യം തുറന്ന് പറയാമെന്നാണ് ലീഗ് കരുതുന്നത്. ഇ അഹമ്മദ് ഇത് ധ്വനിപ്പിയ്ക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു. അഹമ്മദ് പറയുന്നത് ലീഗിന്റെ അഭിപ്രായം തന്നെയാണെന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ലീഗ് നേതൃമാറ്റം ആഗ്രഹിയ്ക്കുന്നു എന്നത് പൂര്‍ണമായി വ്യക്തമായത്.
മറ്റ് പാര്‍ട്ടികളുടെ കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിയ്ക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് കരുതുന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ തുറന്ന അഭിപ്രായം ലീഗ് പ്രകടിപ്പിയ്ക്കാത്തത്.
നേതൃത്വം മാറണമെന്ന ആഗ്രഹം ഇനിയും വെളിപ്പെടുത്താതിരിയ്ക്കുന്നത് പാര്‍ട്ടിയ്ക്ക് തന്നെ ദോഷം ചെയ്യുമെന്നാണ് ലീഗ് കണക്ക് കൂട്ടുന്നത്.
നേതൃത്വം മാറണമെന്ന ലീഗ് അഭിപ്രായത്തിന് പ്രധാന കാരണം ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധമെന്ന് ആരോപിയ്ക്കപ്പെട്ട പ്രസ്താവന തന്നെയാണ്. മുന്നണി ന്യൂനപക്ഷ വികാരം പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നാണ് ലീഗിന്റെ അഭിപ്രായം. ന്യൂന പക്ഷ താല്പര്യങ്ങള്‍ക്ക് ആന്റണി പൂര്‍ണമായി അനുകൂലമല്ലെന്ന ധാരണ ലീഗിന്റെ അണികള്‍ക്കുണ്ട്. ഇതുകൊണ്ടാണ് ഇനിയും അഭിപ്രായം പറയാതിരിയ്ക്കുന്നത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന് ലീഗ് കരുതുന്നത്.
ഇതിനൊക്കെ പുറമേ ഐക്യമുന്നണി എന്ന ആശയത്തിന്റെ തന്നെ തുടക്കക്കാരനായ കെ. കരുണാകരനെ മാറ്റിനിറുത്തി മുന്നണി കൊണ്ട്പോകുന്നത് ശരിയല്ലെന്നും ലീഗ് കരുതുന്നു.












Click it and Unblock the Notifications