പിള്ളയെയും ജേക്കബിനെയും പുറത്താക്കണം
തിരുവനന്തപുരം: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ച മന്ത്രിമാരായ ടി. എം. ജേക്കബിനെയും ബാലകൃഷ്ണപിള്ളയെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
ഡിസംബര്‍ 11 വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മാണി ഗ്രൂപ്പിന്റെ നേതൃയോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. ജേക്കബും പിള്ളയും മന്ത്രിസഭയ്ക്ക് ബാധ്യതയാണെന്നും ഇവരെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറെ കാലമായി മുന്നണിയെ വഞ്ചിക്കുന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ കൂട്ടുകെട്ട് യുഡിഎഫിനെ ബാധിച്ചിരിക്കുന്ന കൂട്ടുകെട്ടാണെന്ന് യോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. മാത്യു വാര്‍ത്താ ലേഖകരോട് പറഞ്ഞു.
അതേ സമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ലെന്നും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
യുഡിഫില്‍ തുടരാന്‍ മാണിയുടെ ഔദാര്യം ആവശ്യമില്ലെന്ന് മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് രൂപം കൊണ്ടപ്പോള്‍ തന്നെ അതിനെ തകര്‍ക്കാന്‍ മാണി ശ്രമം തുടങ്ങിയതാണെന്ന് ജേക്കബ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications