ഇറാഖ് കരാര്‍: ബുഷ് ന്യായീകരിയ്ക്കുന്നു
വാഷിംഗ്ടണ്‍: ഇറാഖിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ക്കുള്ള കരാര്‍ ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് നല്കേണ്ടതില്ലെന്ന പെന്റഗണ്‍ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ന്യായീകരിച്ചു.
ഇറാഖിലേക്ക് സേനയെ അയയ്ക്കാതിരുന്ന രാജ്യങ്ങള്‍ക്ക് കരാര്‍ ജോലികള്‍ നല്കാതിരിക്കുന്നതില്‍ തെറ്റില്ലെന്നും ബുഷ് പറഞ്ഞു. ഇറാഖില്‍ ജീവന്‍ അപകടത്തില്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് മാത്രം കരാര്‍ നല്കിയാല്‍ മതിയെന്ന് പറഞ്ഞാല്‍ അമേരിക്കയിലെ നികുതിനല്കുന്ന ജനങ്ങള്‍ക്ക് അക്കാര്യം മനസ്സിലാകും. കാരണം യുഎസിലെ നികുതിദായകരുടെ പണം കൊണ്ടാണ് പുനര്‍നിര്‍മ്മാണ ജോലികള്‍ ഇറാഖില്‍ നടത്തുന്നത്. - ബുഷ് പറഞ്ഞു.
യുഎസിലെ ജനങ്ങള്‍ ഇറാഖിനെ സ്വതന്ത്രമാക്കാന്‍ ജീവന്‍ അപകടപ്പെടുത്തി. അന്ന് യുഎസിനോടൊപ്പം നിന്ന രാഷ്ട്രങ്ങളിലെ ജനങ്ങളും അവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തി. അതുകൊണ്ട് ഇറാഖിനെ മോചിപ്പിക്കാന്‍ ജീവന്‍ അപകടത്തില്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് മാത്രം കരാര്‍ ജോലികള്‍ നല്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ തെറ്റില്ല. - ബുഷ് പറഞ്ഞു.
ഇറാഖില്‍ വൈദ്യുതി, എണ്ണ, കുടിവെള്ളം എന്നിവ പുനസ്ഥാപിയ്ക്കാനുള്ള കരാറുകളാണ് ഇപ്പോള്‍ നല്കുന്നത്. പെന്റഗണിന്റെ ഈ തീരുമാനത്തെ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications