ഐ ഗ്രൂപ്പിനെതിരെ നടപടി വേണ്ട: ആന്റണി
ദില്ലി: കേരളത്തില്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ഹൈക്കമാന്റിന് മുന്നില്‍ നിര്‍ദേശം വച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോടും കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ അംഗങ്ങളായ നേതാക്കളോടും നടപടിയെടുക്കരുതെന്ന് ആന്റണി അഭ്യര്‍ഥിച്ചിട്ടുണ്ട്.
കരുണാകര വിരുദ്ധ വിഭാഗത്തിന്റെ പൊതുനിലപാടിന് വിരുദ്ധമായ സമീപനമാണ് ആന്റണി സ്വീകരിച്ചിരിക്കുന്നത്. കെ. മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി നേരത്തെ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് കരുണാകര വിരുദ്ധ നേതാക്കളും ഈ ആവശ്യം ഹൈക്കമാന്റിന് മുന്നില്‍ ഉന്നയിച്ചിരുന്നു. ഐ ഗ്രൂപ്പിനെതിരെ നടപടി ആവശ്യപ്പെടണമെന്ന് കരുണാകര വിരുദ്ധ വിഭാഗത്തിനിടയില്‍ ഉണ്ടായിരുന്ന പൊതുധാരണയ്ക്കെതിരെയാണ് ആന്റണി പ്രവര്‍ത്തിച്ചിരിക്കുന്നത്.
എറണാകുളത്തും തിരുവല്ലയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനും ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനും വിമത വിഭാഗം ശ്രമിച്ചെങ്കിലും പാര്‍ട്ടിയില്‍ ഭിന്നിപ്പ് ഒഴിവാക്കാന്‍ നടപടി വേണ്ടെന്നാണ് ആന്റണി ഹൈക്കമാന്റിനെ ധരിപ്പിച്ചിരിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് വിമതസ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന് ശേഷവും ആന്റണി ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെങ്കിലും നടപടി വേണ്ടെന്ന നിലപാട് ആന്റണി സ്വീകരിക്കുമ്പോള്‍ ഹൈക്കമാന്റ് അതിന് മുതിരില്ല.












Click it and Unblock the Notifications