പുത്തന്‍ സംരംഭം ഉടന്‍: സഭീര്‍ ഭാട്ടിയ
ബാംഗ്ലൂര്‍: സെല്ലുലാര്‍ ടെലഫോണിയുമായി ബന്ധപ്പെട്ട തന്റെ പദ്ധതി രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുമെന്ന് ഹോട്ട്മെയില്‍. കോം സ്ഥാപകന്‍ സഭീര്‍ ഭാട്ടിയ പറഞ്ഞു.
ഇന്റര്‍നെറ്റും സെല്ലുലാര്‍ ടെലഫോണിയും സംയോജിപ്പിയ്ക്കുന്ന ഒരു സംരംഭത്തിനാണ് താന്‍ ശ്രമിക്കുന്നതെന്നും അതില്‍ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാംഗ്ലൂര്‍ സെന്റ് ജോസഫ്സ് യൂറോപ്യന്‍ സ്കൂളിലെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭാട്ടിയ.
ഇന്ത്യ, പ്രത്യേകിച്ചും ബാംഗ്ലൂര്‍ ആഗോള പ്രാധാന്യം നേടിക്കഴിഞ്ഞു. ഇന്ത്യക്കാരുടെ വൈദഗ്ധ്യത്തോട് ഇപ്പോള്‍ യുഎസിന് ഏറെ മതിപ്പുണ്ട്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന തന്റെ നവീന്‍ കമ്മ്യൂണിക്കേഷന്‍സ് ഇപ്പോള്‍ സ്പൈസ് ടെലകോം, ബി പി എല്‍, ആര്‍ പി ജി സെല്ലുലാര്‍ എന്നീ മൊബൈല്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. വോയ്സ് മെയില്‍ മേഖലയിലാണ് ഈ പ്രവര്‍ത്തനങ്ങള്‍. വൈകാതെ തന്റെ പദ്ധതി ബാംഗ്ലൂരിലേക്ക് വ്യാപിപ്പിക്കും. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കേബിളും അടിസ്ഥാന സൗകര്യങ്ങളുമായി ബാംഗ്ലൂര്‍ ഏറെ പുരോഗതി നേടിക്കഴിഞ്ഞു.
മറ്റൊരു സംരംഭമായ ആര്‍സൂ. കോമിന്റെ പരാജയം തന്നെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് ഭാട്യ പറഞ്ഞു. നിലവാരമുള്ള ടീമിനെ തനിക്ക് ലഭിയ്ക്കാത്തതാണ് ഈ സംരംഭം പരാജയമായതിന് ഒരു കാരണം. തുടക്കത്തില്‍ ഏതൊരു സംരംഭകനും ചെയ്യേണ്ടത് കഴിവുള്ള ഒരു ചെറിയ സംഘത്തെ കൊണ്ട് കാര്യങ്ങള്‍ നടത്തുകയാണ്. അത് കഴിഞ്ഞാല്‍ സ്ഥാപനം വിപുലമാക്കാന്‍ എന്ത് രീതിയും സ്വീകരിയ്ക്കാം.
അടുത്ത 10 വര്‍ഷം എന്തു ചെയ്യുമെന്ന് തനിക്കിപ്പോള്‍ പറയാനാവില്ലെന്ന് അടുത്ത ദശകത്തില്‍ സാങ്കേതികവിദ്യക്ക് മികച്ച സംഭാവനകള്‍ ചെയ്യാനാവുന്നവരില്‍ ഒരാളായി മസാച്ചുസറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തിരഞ്ഞെടുത്ത സഭീര്‍ ഭാട്യ വ്യക്തമാക്കി. ഒരു സമയത്ത് ഒരു ആശയത്തിലാണ് താന്‍ ശ്രദ്ധയൂന്നാറുള്ളത്.
ഗ്രാമപ്രദേശങ്ങളില്‍ സ്കൂളുകളും ലൈബ്രറികളും ഉണ്ടാക്കുന്ന റൂം ടു റീഡ് എന്ന പദ്ധതി നടപ്പിലാക്കുന്നതില്‍ താനിപ്പോള്‍ മുഴുകിയിരിക്കുകയാണെന്ന് ഭാട്യ വെളിപ്പെടുത്തി. ഈ പദ്ധതിക്ക് കീഴില്‍ നാല്പതോളം സ്കൂളുകള്‍ നേപ്പാളിലും വിയറ്റ്നാമിലും ഉണ്ടാക്കി. ആറ് ലൈബ്രറികള്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലായി പണിതു. ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയിലാണ് ഏറെ പ്രശ്നങ്ങള്‍. താഴേക്കിടയിലേയ്ക്ക് വിദ്യാഭ്യാസം എത്തണം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇനിയും സ്കൂളുകള്‍ തുടങ്ങുന്നുണ്ട്.
ഇതുവരെ വിവാഹിതനാകാതിരുന്ന സബീറിന്റെ വിവാഹത്തെക്കുറിച്ച് പല വാര്‍ത്തകളും പരന്നിരുന്നു. നടി ഐശ്വര്യാ റായിയെ വിവാഹം കഴിയ്ക്കാന്‍ പോകുന്നെന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. എന്നാല്‍ ഇപ്പോള്‍ ഇതാ സബാര്‍ അത് വ്യക്തമാക്കിയിരിയ്ക്കുന്നു. സബീര്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്നത്. ഗീത ഒബറോയിയെ ആണ്. വാഷിംഗ്ടനില്‍ അഭിഭാഷകയായി ജോലി നോക്കുകയാണ് ഗീത. തൊഴിലുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ വച്ചാണ് സബീറിനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ സ്വഭാവവും മൂല്യങ്ങളുമാണ് എന്നെ ആകര്‍ഷിച്ചത്. ഗീത പറയുന്നു.












Click it and Unblock the Notifications