മധുരകള്ള് ചെത്താന്‍ അനുമതിയ്ക്കായി 1500 ഓളം അപേക്ഷകള്‍
കണ്ണൂര്‍: തെങ്ങില്‍ നിന്ന് മധുരകള്ള് ചെത്താനുള്ള അനുമതി തേടി കണ്ണൂര്‍ ജില്ലയിലെ 1500 ഓളം കേരകര്‍ഷകര്‍ അപേക്ഷ നല്കി.
നിലവിലുള്ള അബ്കാരി നിയമത്തില്‍ തന്നെ മധുരക്കള്ള് ഉല്‍പാദിപ്പിക്കാന്‍ അഞ്ച് തെങ്ങ് വരെ ചെത്താന്‍ അനുവാദം കൊടുക്കാമെന്നുണ്ട്. പക്ഷെ ഇക്കാലമത്രയും ലൈസന്‍സ് ആര്‍ക്കും നല്കിയിരുന്നില്ല.
എന്നാല്‍ ഈയിടെ ഇതിനായുള്ള അനുമതി നല്‍കി തുടങ്ങിയിരുന്നു. ഇതാണ് പെട്ടെന്ന് ഇത്രയും അപേക്ഷകള്‍ വരാന്‍ കാരണം.
എല്ലാ അപേക്ഷകരും ഇതനായുള്ള ഫോറത്തില്‍ അതത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് അപേക്ഷ നല്കിയത്. ലഭിച്ച അപേക്ഷകള്‍ കണ്ണൂര്‍ അസി.എക്സൈസ് ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നാണ് ലൈസന്‍സ് അനുവദിക്കേണ്ടത്.
ഫാര്‍മേഴ്സ് റിലീഫ് ഫോറവും ദേശീയ കര്‍ഷക രക്ഷാസമിതിയുമാണ് ഇത്രയും അപേക്ഷകള്‍ കര്‍ഷകരെക്കൊണ്ട് കൊടുപ്പിച്ചിട്ടുള്ളത്. അഞ്ച് തെങ്ങ് വച്ച് 1500 അപേക്ഷകരുടെ ഭൂമിയില്‍ നിന്നായി 7500 തെങ്ങ് ചെത്താനാവും. ഇതില്‍ നിന്ന് ഏതാണ്ട് ഒരു ലക്ഷം ലിറ്റര്‍ മധുരകള്ള് കിട്ടും. ഇത് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു.
77 ലെ അബ്കാരി നിയമത്തില്‍ 1992 ല്‍ കേരള നിയമസഭകൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് മധുരകള്ള് ചെത്താനുള്ള വകുപ്പ് ഉണ്ടാക്കിയത്.
ഇഷ്യൂ ഓഫ് ലൈസന്‍സ് ഫോര്‍ ഡ്രോപ്പിങ്ങ് സ്വീറ്റ് ടോഡി (നീര) റൂള്‍സ് പ്രകാരമാണ് കര്‍ഷകര്‍ക്ക് തെങ്ങുചെത്തിന് അനുമതി നല്കുന്നത്. സ്വീറ്റ് ടോഡി എന്ന് പറയുന്ന നിയമത്തില്‍ നീര എന്ന് ബ്രാക്കറ്റില്‍ എടുത്ത് പറയുന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്കായിരിയ്ക്കും ലൈസന്‍സ് കാലാവധി. കള്ള് ഷാപ്പുടമക്കോ ചെത്തുകാരനോ ഈ നിയമപ്രകാരം ലൈസന്‍സ് കൊടുക്കാന്‍ പാടില്ലെന്നും പറയുന്നു. കര്‍ഷകന് മാത്രമാണ് ലൈസന്‍സ് അനുവദിക്കുക. രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിലുള്ള സമയത്താണ് മധുരകള്ള് ചെത്തിയെടുക്കേണ്ടതെന്നും അതിനുശേഷം ചെത്താനോ ഉല്‍പാദിപ്പിച്ച മധുരകള്ള് കൈവശം വെക്കാനോ പാടില്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications