കൊക്കകോള അന്യായം നല്‍കി
കൊച്ചി: കുഴല്‍ക്കിണറുകള്‍ അടയ്ക്കാന്‍ കഴിയില്ലെന്നറിയിച്ചും ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ടും കൊക്കകോള മാനേജ്മെന്റ് ഡിസംബര്‍ 17 ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചു.
ഡിസംബര്‍ 16ന് ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പുറപ്പെടുവിച്ച വിധി റദ്ദാക്കാനാണ് ഈ അന്യായം. കൊക്കകോള ഫാക്ടറി ഭൂഗര്‍ഭജലം അമിതായി ഉപയോഗിയ്ക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഒരു മാസത്തിനുശേഷം കുഴല്‍ക്കിണറുകള്‍ അടയ്ക്കണമെന്നുമായിരുന്നു വിധി. വെള്ളത്തിന് ഫാക്ടറി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
പ്ലാച്ചിമട പഞ്ചായത്തില്‍ 34 ഏക്കറിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും അങ്ങനെ വന്നാല്‍ കേരളത്തില്‍ ഒരു വ്യാവസായിക വികസനവും ഉണ്ടാകില്ലെന്നും അന്യായത്തില്‍ പറയുന്നു. ഭൂഗര്‍ഭജലം അമിതമായിചൂഷണം ചെയ്യുന്നുവെന്ന സിംഗിള്‍ ജഡ്ജിയുടെ നിഗമനത്തിനു ശാസ്ത്രീയാടിസ്ഥാനങ്ങള്‍ ഇല്ലെന്നും കമ്പനി അവകാശപ്പെടുന്നു.
തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. പഞ്ചായത്ത് നിയമം അനുസരിച്ച് വ്യവസായ സ്ഥാപനത്തില്‍ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല. അതുകൊണ്ട് സിംഗിള്‍ ബഞ്ചിന്റെ വിധി നിയമവിരുദ്ധവും സ്വേസാപരവുമാണ്. അത് റദ്ദാക്കണം - അപ്പീലില്‍ പറയുന്നു.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിയ്ക്കണമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി ഒക്ടോബര്‍ 13ന് ഉത്തരവിട്ടതില്‍ തെറ്റില്ലെന്നും അപ്പീലില്‍ പറയുന്നു. (സര്‍ക്കാര്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നാണ് പെരുമാട്ടി പഞ്ചായത്തിന്റെ വാദം) തദ്ദേശ വകുപ്പിന്റെ ഉത്തരവില്‍ പരാതിപ്പെട്ടാണ് പെരുമാട്ടി പഞ്ചായത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇങ്ങനെ പരാതിപ്പെടാന്‍ കഴിയില്ലെന്ന തങ്ങളുടെ വാദം സിംഗിള്‍ ജഡ്ജി പരിഗണിച്ചില്ലെന്ന് മാനേജ്മെന്റ് ആരോപിക്കുന്നു.
കാര്യങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ നല്‍കിയിരുന്നെങ്കിലും അതൊന്നും ജഡ്ജി പരിഗണിച്ചില്ലെന്നും ഭൂഗര്‍ഭ ജലം തങ്ങള്‍ വറ്റിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും അപ്പീലിലുണ്ട്. ഫാക്ടറി പൂട്ടാതിരിക്കാന്‍ കാരണം കാണിക്കുവാനുള്ള പഞ്ചായത്തിന്റെ നോട്ടീസ് കഴിഞ്ഞ മാസം 14ന് ഹൈക്കോടതി ശരിവച്ചിരുന്നു.












Click it and Unblock the Notifications