മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ദില്ലിക്ക് വിളിച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്തുന്നതിനായി യുഡിഎഫ് ഘടകകക്ഷി നേതാക്കാളായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെയും മന്ത്രി കെ. എം. മാണിയെയും ദില്ലിയിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് വിളിച്ചു.
കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട എഐസിസി മൂന്നംഗം സമിതിയാണ് ഇരുനേതാക്കളോടും അടിയന്തിരമായി ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടത്. പ്രശ്നപരിഹാര ചര്‍ച്ചയുടെ ഭാഗമായി നേരത്തെ ഘടക കക്ഷി നേതാവെന്ന നിലയില്‍ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദുമായി മാത്രമേ ഹൈക്കമാന്റ് ചര്‍ച്ച നടത്തിയിരുന്നുള്ളൂ.
ഉപസമിതി അംഗം അഹമ്മദ് പട്ടേലാണ് ഇരുവരോടും ദില്ലിയിലെത്തണമെന്ന് അറിയിച്ചത്. കെ. എം. മാണി ഡിസംബര്‍ 18 വ്യാഴാഴ്ച ദില്ലിയിലെത്തും. കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ചയായിരിക്കും ദില്ലിയിലേക്ക് തിരിക്കുന്നത്.
ബുധനാഴ്ച കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തിയിരുന്നു. നേതൃമാറ്റമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോവില്ലെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഐ ഗ്രൂപ്പ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നാണ് മുരളീധരന്‍ പട്ടേലിനെ അറിയിച്ചത്. ചര്‍ച്ച 40 മിനുട്ട് നീണ്ടുനിന്നു.
നേതൃമാറ്റം എന്ന അജണ്ട മാത്രമേ തങ്ങളുടെ മുന്നിലിലുളളൂവെന്ന് പട്ടേലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കെ. മുരളീധരന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications