മാറാട്: സര്‍ക്കാര്‍ തീരുമാനം നീളുന്നു
തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുന്നു.
കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലും ഇതുസംബന്ധിച്ച തീരുമാനമുണ്ടായില്ല. ഇതിന് മുമ്പ് നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പ്രശ്നം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം ലഭിച്ചിട്ടുണ്ടെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചിരുന്നത്.
എന്നാല്‍ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് എന്ന് ചര്‍ച്ച ചെയ്യുമെന്ന് പറയാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.
അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. റിപ്പോര്‍ട്ട് സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലാത്ത സ്ഥിതിയ്ക്ക് താന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടുന്നതു ശരിയല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേ സമയം നേരത്തെയുണ്ടാക്കിയ ധാരണ അനുസരിച്ച് മാറാട് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന നിലപാടിലാണ് സംഘപരിവാര്‍. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡിസംബര്‍ 20 ശനിയാഴ്ച കോട്ടയത്ത് ചേരുന്ന ഹിന്ദു ഐക്യവേദി യോഗത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications