പെപ്സിയ്ക്കെതിരെ പുതുശ്ശേരി പഞ്ചായത്ത്
പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി കമ്പനിയ്ക്കെതിരെ നിയമനടപടികളെടുക്കാന്‍ പുതുശ്ശേരി പഞ്ചായത്ത് രംഗത്തിറങ്ങുന്നു. പെരുമാട്ടി പഞ്ചായത്ത് നല്കിയ ഹര്‍ജി പരിഗണിച്ച് കൊക്കകോള കമ്പനിയോട് അമിതജലചൂഷണം നിര്‍ത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പുതുശ്ശേരി പഞ്ചായത്തിന്റെ ഈ നീക്കം.
ഉടനെ ഹൈക്കോടതിയില്‍ പെപ്സി കമ്പനിയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ജയന്തി പറഞ്ഞു. 2001 മാര്‍ച്ചിലാണ് പെപ്സി കമ്പനി കമ്മീഷന്‍ ചെയ്തത്. അതിന് ശേഷം കമ്പനി പ്രവര്‍ത്തിക്കുന്ന അട്ടപ്പള്ളം ഭാഗത്ത് കിണറുകളും കുഴല്‍ക്കിണറുകളും വറ്റിവരണ്ടിരുന്നു.
തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും വേണ്ട ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന പെപ്സി കമ്പനി ഭൂഗര്‍ഭജലം ഊറ്റുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്ന് ഒന്നരലക്ഷം ലിറ്റര്‍ വെള്ളം വിലയ്ക്കുവാങ്ങിയിരുന്നു. 2002ല്‍ അത് നിര്‍ത്തി. പെപ്സി കമ്പനിവളപ്പില്‍ പുതിയ കുഴല്‍ക്കിണറുകള്‍ കൂടി വന്നതോടെ പുതുശ്ശേരി പഞ്ചായത്തിന്റെ 10,11 വാര്‍ഡുകളില്‍ കിണറുകള്‍ വറ്റിവരണ്ടിരുന്നു. ജനവികാരം എതിരായതോടെ പെപ്സിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ സിപിഎം ഭരിയ്ക്കുന്ന പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പെപ്സി കമ്പനി ഹൈക്കോടതിയില്‍ നിന്ന് സ്റേ വാങ്ങിയിരിക്കുകയാണ്.


Click it and Unblock the Notifications