പ്രതിസന്ധി മൂലം ഭരണം സ്തംഭിച്ചു: മാണി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നം ഭരണം സ്തംഭിപ്പിച്ചുവെന്ന് മന്ത്രി കെ. എം. മാണി കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു.
ഹൈക്കമാന്റ് മൂന്നംഗ സമിതിയുമായി തനിച്ച് നടത്തിയ ചര്‍ച്ചയിലാണ് മാണി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ ഭരണസ്തംഭനമുണ്ടെന്ന് മാണി ചര്‍ച്ചയില്‍ പറഞ്ഞതായി ആര്‍. കെ. ധവാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദമുണ്ടാക്കിയ ന്യൂനപക്ഷ പ്രസ്താവനയോടുള്ള എതിര്‍പ്പ് മാണി ഹൈക്കമാന്റിനെ അറിയിച്ചു. പ്രശ്നം ഡിസംബര്‍ 31ന് മുമ്പ് പരിഹരിക്കണമെന്നും മാണി ആവശ്യപ്പെട്ടു. അതേ സമയം കോണ്‍ഗ്രസിലെ നേതൃമാറ്റ പ്രശ്നത്തില്‍ പക്ഷം പിടിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ മെല്ലെപോക്ക് ഇനിയും തുടരുന്നത് അപകടകരമാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഐക്യത്തിനാണ് തന്റെ പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്- മാണി വ്യക്തമാക്കി.
അതേ സമയം ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരം ദില്ലിയിലെത്തിയ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഡിസംബര്‍ 19 വെള്ളിയാഴ്ച ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ല. കുഞ്ഞാലിക്കുട്ടി ശനിയാഴ്ച ഹൈക്കമാന്റ് സമിതിയുമായി ചര്‍ച്ച നടത്തിയേക്കും.
ഘടക കക്ഷി നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം കെ. കരുണാകരനും എ. കെ. ആന്റണിയുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തിയതിന് ശേഷമേ സോണിയാഗാന്ധിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയുള്ളൂവെന്ന് അഹമ്മദ് പട്ടേല്‍ അറിയിച്ചു.












Click it and Unblock the Notifications