ദാവൂദിന് പാകിസ്ഥാനില്‍ കള്ളനോട്ട് പ്രസ്
ദില്ലി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിന്റെ ഉടമസ്ഥതയില്‍ പാകിസ്ഥാനില്‍ കള്ളനോട്ടുകള്‍ ഉണ്ടാക്കുന്ന ഒരു പ്രിന്റിംഗ് പ്രസ് ഉണ്ടെന്നതിന് തെളിവുകളുണ്ടെന്ന് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റും ഇന്റലിജന്‍സ് ഏജന്‍സികളും അവകാശപ്പെട്ടു.
വ്യാജ കറന്‍സി ഉണ്ടാക്കുന്ന ഈ പ്രിന്റിംഗ് പ്രസില്‍ വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രങ്ങളാണുള്ളത്. കള്ളനോട്ടുകള്‍ ഉണ്ടാക്കിയതിന് ശേഷം ദുബായിലേക്ക് അയച്ച് അവിടെ നിന്ന് ഏജന്റുമാര്‍ മുഖേന ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുന്നതെന്നും എന്‍ഫോര്‍സ്മെന്റ്, ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് അധികൃതര്‍ അവകാശപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.
പ്രസ് ദാവൂദ് ഇബ്രാഹിമിന്റേതാണെങ്കിലും ദാവൂദിന് വേണ്ടി ഐഎസ്ഐയിലെ ചിലരാണ് പ്രസ് നടത്തുന്നത്. ദാവൂദും ഐഎസ്ഐയും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശ നാണ്യ പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ സര്‍ക്കാരിന് ഒരു വന്‍ ഡോളര്‍ വായ്പ തരപ്പെടുത്തിക്കൊടുത്തത് ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഡി-കമ്പനിയാണെന്ന് എന്‍ഫോര്‍സ്മെന്റ്, ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ദാവൂദിന്റെ സഹോദരനായ അനീസ് ഇബ്രാഹിം ദുബായില്‍ അറസ്റ് ചെയ്യപ്പെട്ടപ്പോള്‍ അയാള്‍ക്ക് പാകിസ്ഥാനില്‍ സുരക്ഷിതമായി എത്തുന്നതിന് വഴിയൊരുക്കിയത് പാക് അധികൃതരാണ്. ഇതേ തുടര്‍ന്ന് പാക് അധികൃതരുമായി നിരുപാധികമായ സഹകരണമാണ് ദാവൂദ് വാഗ്ദാനം ചെയ്തത്.












Click it and Unblock the Notifications