മലയാളി തൊഴിലന്വേഷകര്‍ക്ക് വൈദഗ്ധ്യമില്ല
കൊച്ചി: മധ്യതലത്തിലും താഴേതലത്തിലുമുള്ള ജോലികള്‍ക്കായി കമ്പനികള്‍ നടത്തുന്ന ഇന്റര്‍വ്യൂകളിലും പരീക്ഷകളിലും കേരളത്തിലെ യുവാക്കള്‍ക്ക് വിജയിക്കാനാവാത്ത സ്ഥിതി തുടരുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പല ബഹുരാഷ്ട്ര കമ്പനികള്‍ക്കും വന്‍ കോര്‍പ്പറേറ്റുകള്‍ക്കും മധ്യതലത്തിലും താഴേതലത്തിലുമുള്ള ജോലികള്‍ക്ക് പറ്റിയ ആളുകളെ കേരളത്തില്‍ നിന്ന് കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന അനുഭവമാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയിലെ തങ്ങളുടെ പ്ലാന്റുകളിലേക്ക് മധ്യതലത്തിലും താഴേതലത്തിലുമുള്ള ജോലികള്‍ക്ക് ആളുകളെ കണ്ടെത്തുന്നതിനായി കേരളത്തിലെത്തിയ ഹുണ്ടായി മോട്ടോര്‍ കോര്‍പ്പറേഷന് അനുയോജ്യനായ ഒരാളെ പോലും കണ്ടെത്താനായില്ല. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററായ 24/7കസ്റമര്‍ സര്‍വീസ്. കോം കൊച്ചിയില്‍ നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഒരാളുടെ നിയമനം പോലും നടന്നില്ല.
ബഹുരാഷ്ട്ര ഇന്‍ഷ്വറന്‍സ് കമ്പനികളായ മാക്സ് ന്യൂയോര്‍ക്ക്, എഎംപി സന്‍മാര്‍ എന്നിവ തിരുവനന്തപുരത്ത് നടത്തിയ എഴുത്തുപരീക്ഷകളില്‍ ആവശ്യമായ മാര്‍ക്ക് ലഭിച്ച ഒരാള്‍ പോലുമില്ലായിരുന്നു.
കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് മതിയായ വിനിമയ വൈദഗ്ധ്യമോ വിവിധ ജോലികളില്‍ പ്രായോഗിക പരിചയമോ ഇല്ലാത്തതാണ് അവര്‍ ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുന്നതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തിലെ യുവാക്കള്‍ തൊഴില്‍രഹിതരല്ല മറിച്ച് തൊഴിലിന് അനുയോജ്യരല്ലാത്തവരാണെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്‍ പറയുന്നത്.
കോഴ്സുകളുടെ കാര്യത്തിലുള്ള പിന്നോക്കാവസ്ഥയാണ് ഇതിന് ഒരു കാരണം. കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ കോഴ്സുകള്‍ ധാരാളമായുള്ളപ്പോള്‍ കേരളത്തില്‍ പുതിയ കോഴ്സുകള്‍ താരതമ്യേന വളരെ കുറവാണ്.
പൊതുതൊഴില്‍ വിഭാഗത്തിലും വളരെ ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലും മാത്രമാണ് മലയാളികള്‍ക്ക് കഴിവ് തെളിയിക്കാനാവുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി. കെ. ജോസ് പറഞ്ഞു.
ടെലഫോണ്‍ അഭിമുഖങ്ങളില്‍ മലയാളികള്‍ പരാജയപ്പെടുന്നത് സാധാരണമാണെന്ന് ജോസ് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications