മോഷ്ടിച്ച ശംഖ് വിദേശ മലയാളി തിരികെ നല്‍കി
തൃശൂര്‍: വടക്കാഞ്ചേരിയ്ക്ക് സമീപം നെല്ലുവായയിലെ ശ്രീധന്വന്തരി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വലംപിരി ശംഖ് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മോഷ്ടിച്ചയാള്‍ തന്നെ ക്ഷേത്രത്തില്‍ എത്തിച്ചു.
യുഎസിലെ ഒരു വിദേശമലയാളിയാണ് ശംഖ് മോഷ്ടിച്ചത്. യുഎസില്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഇയാള്‍ രജിസ്റേര്‍ഡ് പാര്‍സല്‍ ആയി ശംഖ് ക്ഷേത്രത്തിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
മോഷണം നടത്തിയതിന് പ്രായശ്ചിത്തമെന്ന നിലയില്‍ 51 ഡോളറിന്റെ ഒരു ഡ്രാഫ്റ്റും ശംഖിനോടൊപ്പം വച്ചിരുന്നു. സംഭവം രഹസ്യമായി വച്ചിരിക്കുകയായിരുന്നു. അഷ്ടമംഗല്യപ്രശ്നത്തില്‍ ശംഖ് മോഷണം പോയതായും തിരികെ കിട്ടിയതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
പാര്‍സലില്‍ സ്ഫോടകവസ്തുവാണെന്ന് സംശയിച്ച് ആദ്യം അത് തുറയ്ക്കാന്‍ മടിച്ചിരുന്നെന്നും ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ ധൈര്യം സംഭരിച്ച് പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് ശംഖ് കണ്ടതെന്നും ക്ഷേത്രത്തിലെ മൂസ് പറഞ്ഞു.
വലംപിരി ശംഖ് പൂജ നടയ്ക്കാത്ത സ്ഥലത്ത് സൂക്ഷിക്കുകയാണെങ്കില്‍ ശംഖിന്റെ ഉടമസ്ഥന് പല പ്രശ്നങ്ങളും നേരിടേണ്ടിവരുമെന്നാണ് വിശ്വാസം. ശംഖ് ഇപ്പോള്‍ ക്ഷേത്രത്തില്‍ വച്ചിട്ടുണ്ട്. ഔഷധദേവനായ ശ്രീധന്വന്തരി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ധാരാളം വിദേശഇന്ത്യക്കാരായ ഡോക്ടര്‍മാരും മറ്റും സന്ദര്‍ശനം നടത്താറുണ്ട്.












Click it and Unblock the Notifications