ആണവവിദ്യ കൈമാറിയിരിക്കാം: പാകിസ്ഥാന്‍
ഇസ്ലാമബാദ്: ചില പാകിസ്ഥാനി ശാസ്ത്രജ്ഞര്‍ ഉത്തരകൊറിയ, ഇറാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതികവിദ്യ നിയമവിരുദ്ധമായി കൈമാറിയിരിക്കാമെന്ന് പാകിസ്ഥാന്‍.
എന്നാല്‍ ആണവ സാങ്കേതികവിദ്യ കൈമാറിയത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമല്ലെന്നും വ്യക്തിപരമായ നീക്കമാണ് ഇതിന് പിന്നില്‍ നടന്നതെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മസൂദ്ഖാന്‍ വ്യക്തമാക്കി.
വ്യക്തിപരമായ നേട്ടങ്ങളോ ദുരാഗ്രഹമോ ആവാം ശാസ്ത്രജ്ഞരെ ഇതിന് പ്രേരിപ്പിച്ചത്. അതേ സമയം അന്തിമമായ ഒരു നിഗമനത്തില്‍ തങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ല. അന്വേഷണം തുടരുകയും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയുമാണ്. അന്വേഷണം പൂര്‍ണമായാല്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും- പാകിസ്ഥാന്‍ വക്താവ് വ്യക്തമാക്കി.
ആണവസാങ്കേതികവിദ്യ കൈമാറിയിരിക്കാമെന്ന പാകിസ്ഥാന്റെ വെളിപ്പെടുത്തല്‍ തങ്ങള്‍ക്ക് പാകിസ്ഥാന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിക്ക് മുന്നില്‍ സമ്മതിക്കാന്‍ ഇറാനെയും ലിബിയയെയും നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഇറാന്‍ യുഎന്‍ വിദഗ്ധരെ അനുവദിച്ചിട്ടുണ്ട്.
ഡിസംബര്‍ 22 തിങ്കളാഴ്ച പാകിസ്ഥാന്റെ ആണവായുധ പരിപാടിയുടെ പിതാവായ അബ്ദുള്‍ ഖാദര്‍ഖാനെ ചോദ്യം ചെയ്തിരുന്നു. ഖാന്‍ റിസര്‍ച്ച് ലബോട്ടറീസിലെ രണ്ട് ശാസ്ത്രജ്ഞരെയും ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications