ആദ്യ ഹജ്ജ്വിമാനം പുറപ്പെട്ടു
കോഴിക്കോട്: ഹജ്ജ് കൊള്ളാന്‍ പോകുന്ന മലയാളികളുമായി ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ 24 ബുധനാഴ്ച പുറപ്പെട്ടു.
നേരത്തേ നിശ്ചയിച്ചതില്‍ നിന്നും ഏഴുമണിക്കൂര്‍ വൈകിയാണ് ഹജ്ജ് തീര്‍ത്ഥാടകരേയും വഹിച്ചുള്ള വിമാനം പുറപ്പെട്ടത്. വിമാനത്തിന് ഇ. അഹമ്മദ് എം.പി പച്ചക്കൊടികാട്ടി.
165 പുരുഷന്മാരും 242 സ്ത്രീകളുമടക്കം 407 തീര്‍ത്ഥാടകരാണ് ആദ്യവിമാനത്തിലുള്ളത്. രാവിലെ 10ന്പുറപ്പെടേണ്ടിയിരുന്ന എയറിന്ത്യാവിമാനം ആറുമണിക്കൂര്‍ വൈകി വൈകുന്നേരം നാലിനാണ് കരിപ്പൂരെത്തിയത്.
പാരീസില്‍നിന്നും മുംബൈയില്‍ എത്തുന്ന ജംബോജറ്റ് വിമാനമാണ് കരിപ്പൂരിലേക്ക് വിടാനിരുന്നത്. ഈ വിമാനം പാരീസില്‍ കേടായതോടെ ദില്ലിയില്‍നിന്നും മറ്റൊരു വിമാനം ലഭിക്കാന്‍ എയറിന്ത്യ ശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞുമൂലം ദില്ലിയില്‍നിന്നും വിമാനം വൈകിയാണ് പുറപ്പെട്ടത്. ഇതേത്തുടര്‍ന്ന് വൈകിയെത്തിയ വിമാനം വൈകുന്നേരം 5.40നാണ് കരിപ്പൂര്‍ വിട്ടത്.
തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഹജ്ജ്പഠനക്ലാസും ഉണ്ടായിരുന്നു. മൂന്നുമണിയോടെ ആദ്യസംഘം തീര്‍ത്ഥാടകര്‍ ക്യാമ്പില്‍നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ക്യാമ്പില്‍ രാവിലെ നടന്ന പ്രാര്‍ഥനയ്ക്ക് പാണക്കാട് ഉമറലി ശിഹാബ് തങ്ങളും ഉച്ചയ്ക്കുനടന്ന പ്രാര്‍ഥനയ്ക്ക് ആബിദ് തങ്ങളും നേതൃത്വം നല്കി.
ബുധനാഴ്ച പുറപ്പെട്ടവരില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള ഹാജിമാരാണ് കൂടുതല്‍. 150 പേര്. കോഴിക്കോട്(119), കണ്ണൂര്‍(58), തിരുവനന്തപുരം(21), കാസര്‍കോഡ്(27), എറണാകുളം(8), പാലക്കാട്(12), തൃശ്ശൂര്‍(15) ആലപ്പുഴ(7) എന്നിങ്ങനെയാണ് മറ്റ് ജില്ലയില്‍നിന്നുള്ള ഹാജിമാരുടെ എണ്ണം.