പറമ്പിക്കുളം: തമിഴ്നാട് വിട്ടുനില്‍ക്കുന്നു
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പുതുക്കുന്നതിനായി നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് തമിഴ്നാട് വിട്ടുനില്‍ക്കുന്നത് കേരളത്തിന് തിരിച്ചടിയായി.
കരാര്‍ വീണ്ടും ഉടന്‍ പുതുക്കിയില്ലെങ്കില്‍ കേരളത്തിനുണ്ടാവുന്നത് കോടികളുടെ നഷ്ടമാണ്. തങ്ങള്‍ക്ക് കിട്ടിപ്പോരുന്ന നേട്ടങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനായി ചര്‍ച്ച നീട്ടിക്കൊണ്ടുപോവാനാണ് തമിഴ്നാട് ശ്രമിക്കുന്നത്.
നവംബര്‍ 10ന് ചെന്നൈയില്‍ ചേര്‍ന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും മന്ത്രിമാരുടെ യോഗത്തിലാണ് ഡിസംബറില്‍ കോവളത്ത് അടുത്ത യോഗം ചേരാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ പ്രതിനിധികളായി മന്ത്രിമാരായ കെ. ശങ്കരനാരായണനും ടി. എം. ജേക്കബുമാണ് ചെന്നൈയിലെ യോഗത്തില്‍ പങ്കെടുത്തത്.
കോവളത്ത് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന തമിഴ്നാട് സര്‍ക്കാരിന്റെ അറിയിപ്പ് രണ്ടാഴ്ച മുമ്പാണ് ലഭിച്ചത്. മന്ത്രിമാര്‍ക്ക് സൗകര്യമുള്ള തീയതി അറിയിക്കാമെന്നും കത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ പുതിയ തീയതി അറിയിച്ചിട്ടില്ല.
അതേ സമയം ഭരണമുന്നണിയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം മന്ത്രിമാര്‍ ഈ പ്രശ്നത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് ആരോപണമുണ്ട്. കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടാവുന്നതിനു വേണ്ട നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
ചിറ്റൂരില്‍ വെള്ളം വിട്ടുതരാന്‍ മടിക്കുന്ന തമിഴ്നാട് വെള്ളം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമെന്നതിനാലാണ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വിള സീസണ്‍ കഴിയുന്നതുവരെ ചര്‍ച്ച നീട്ടിക്കൊണ്ടുപോവാനാണ് തമിഴ്നാട് ശ്രമിക്കുന്നത്. വെള്ളം വിട്ടുകിട്ടിയില്ലെങ്കില്‍ ദുരിതത്തിലാവുന്നത് ചിറ്റൂരിലെ കര്‍ഷകരായിരിക്കും.
30 വര്‍ഷം കൂടുമ്പോഴാണ് പറമ്പിക്കുളം-ആളിയാര്‍ പുതുക്കേണ്ടത്. ഇതനുസരിച്ച് 1988ല്‍ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ കരാര്‍ പുതുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇത്ര വര്‍ഷങ്ങളായിട്ടും വിജയിച്ചില്ല.












Click it and Unblock the Notifications