ദുബായില്‍ എന്‍ട്രന്‍സ് കേന്ദ്രം: തീരുമാനമായില്ല
തിരുവനന്തപുരം: ദുബായില്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ കേന്ദ്രം തുടങ്ങുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം നീണ്ടുപോവുന്നു. ഇതുമൂലം പ്രവേശന പരീക്ഷ നടത്തുന്നതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിയ്ക്കുന്നത് വൈകി.
സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കാരണത്താല്‍ ധനകാര്യ വകുപ്പ് ദുബായില്‍ പരീക്ഷാകേന്ദ്രം തുടങ്ങുന്നതിനെ എതിര്‍ക്കുന്നതിനാലാണ് ഇതുസംബന്ധിച്ച തീരുമാനം നീളുന്നത്. ഈ വര്‍ഷം മുതല്‍ ദുബായില്‍ പ്രവേശന പരീക്ഷാ കേന്ദ്രമുണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ദുബായില്‍ പ്രവേശനപരീക്ഷാ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക പഠനം നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസും പ്രവേശന പരീക്ഷാ കമ്മിഷണര്‍ സി. കെ. വിശ്വനാഥനും ദുബായ് സന്ദര്‍ശിച്ചിരുന്നു.
ദുബായില്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും 7,000 രൂപ വീതം ഈടാക്കി പരീക്ഷാ കേന്ദ്രം തുടങ്ങുന്നതിനുള്ള ചെലവ് കണ്ടെത്താമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന്മുന്നില്‍ നിര്‍ദേശം വച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും പ്രവേശന പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകിയിരുന്നു. ദുബായില്‍ പരീക്ഷാ കേന്ദ്രം തുടങ്ങുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നതു വരെ കാത്തിരിക്കില്ലെന്നും അടുത്തുതന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ് പറഞ്ഞു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഒരു മാസത്തെ സമയം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 20ന് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. 2004 ഏപ്രില്‍ 26 മുതല്‍ 29 വരെയാണ് പ്രവേശന പരീക്ഷ. ജനവരി 31 ആണ് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി.












Click it and Unblock the Notifications