നേതൃമാറ്റത്തില്‍ നിന്ന് പിന്നോട്ടില്ല: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്നോട്ടുപോവില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഐ ഗ്രൂപ്പിന്റെ സംസ്ഥാനതല നേതൃയോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. നേതൃത്വം സംബന്ധിച്ച പ്രശ്നത്തില്‍ ചില നടപടികള്‍ ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഐ ഗ്രൂപ്പിന് അനുകൂലമായ ഒരു തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭ ചേരുന്നതിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. പ്രശ്നപരിഹാരത്തിന് ഐ ഗ്രൂപ്പ് സമയപരിധി കല്പിച്ചിട്ടില്ല.
കരുണാകര വിരുദ്ധരില്‍ ആശയക്കുഴപ്പം തുടങ്ങിയെന്നതിന് തെളിവാണ് കാര്‍ത്തികേയന്റെ പ്രസ്താവന. ഇങ്ങനെ പോയാല്‍ കരുണാകര വിരുദ്ധ പക്ഷം തമ്മിലടിച്ച് തീരും.
ഫിബ്രവരി 10ന് മുമ്പായി എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ നടത്തും. ജനവരി 28ന് കോഴിക്കോട് നടക്കുന്ന റാലിയോടെ ജില്ലാ റാലികള്‍ ആരംഭിക്കും. ഫിബ്രവരി 15ന് മുമ്പായി എല്ലാ റാലികളും നടക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഐ ഗ്രൂപ്പ് വര്‍ഗീയതയ്ക്കെതിരെ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും.
കെ. കരുണാകരന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍, കെപിസിസി ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എംഎല്‍എമാരെ യോഗത്തില്‍ ക്ഷണിച്ചിരുന്നില്ലെങ്കിലും രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications