ആഭ്യന്തരം ഐ ഗ്രൂപ്പിന് നല്‍കണമെന്ന് പിള്ള
ദില്ലി: കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് വിവിധ നിര്‍ദേശങ്ങള്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള ഹൈക്കമാന്റിന് മുന്നില്‍ വച്ചു.
ഐ ഗ്രൂപ്പിന് മൂന്ന് മന്ത്രിമാരെ നല്‍കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. കെ. വി. തോമസ് ഗ്രൂപ്പ് മാറിയ സാഹചര്യത്തില്‍ ഒരു മന്ത്രിയെ നഷ്ടപ്പെട്ട ഐ ഗ്രൂപ്പിന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനം നല്‍കണം. എ. കെ. ആന്റണി ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് ഐ ഗ്രൂപ്പിന് നല്‍കാന്‍ തയ്യാറാവണം. ഇതിലൂടെ ഐ ഗ്രൂപ്പിനെ അനുനയിപ്പിക്കാനാവുമെന്ന് പിള്ള ചൂണ്ടിക്കാട്ടി.
ആഭ്യന്തരവകുപ്പും ധനകാര്യ വകുപ്പും അഴിച്ചുപണിയണമെന്ന് ആവശ്യപ്പെട്ട പിള്ള ഉമ്മന്‍ചാണ്ടിയെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. കെ. ശങ്കരനാരായണനെ മാറ്റി ഉമ്മന്‍ചാണ്ടിയെ ധനകാര്യ വകുപ്പ് ഏല്പിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
കരുണാകരനെ അവഗണിച്ചുള്ള ഒരു പ്രശ്നപരിഹാരം കേരളത്തിലെ കോണ്‍ഗ്രസില്‍ അസാധ്യമാണ്. നേതൃമാറ്റം ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ടെങ്കില്‍ ഘടക കക്ഷികളെ കൂടി വിശ്വാസത്തിലെടുക്കണം. നേതൃമാറ്റം വേണമെന്ന് തന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിയുടെ ചെയര്‍മാന്‍ പ്രണബ് മുക്കര്‍ജിയുമായി ഡിസംബര്‍ 29 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തന്റെ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പിള്ള മുന്നോട്ടുവച്ചത്.
മന്ത്രി ടി. എം. ജേക്കബ്, ആര്‍എസ്പി (ബി) നേതാവ് എ. വി. താമരാക്ഷന്‍ എന്നിവരുമായി ചൊവാഴ്ച മുക്കര്‍ജി ചര്‍ച്ച നടത്തും. എം. വി. രാഘവന്‍ ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications