മുരളിയെ മന്ത്രിയാക്കി പ്രശ്നപരിഹാരത്തിന് ശ്രമം
ദില്ലി: കെ. മുരളീധരനെ മന്ത്രിസഭയിലുള്‍പ്പെടുത്തി കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ഹൈക്കമാന്റ് പരിഗണിക്കുന്നു.
യുഡിഎഫ് ഘടക കക്ഷി നേതാക്കളായ ആര്‍. ബാലകൃഷ്ണപിള്ളയും ടി. എം. ജേക്കബും എ. വി. താമരാക്ഷനും ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
കെ. മുരളീധരനെ മന്ത്രിസഭയിലുള്‍പ്പെടുത്തി ഉപമുഖ്യമന്ത്രിപദമോ ആഭ്യന്തരമന്ത്രി സ്ഥാനമോ മറ്റേതെങ്കിലും പ്രധാന വകുപ്പോ നല്‍കി പ്രശ്നം പരിഹരിക്കാമെന്നാണ് ഘടക കക്ഷി നേതാക്കള്‍ ഹൈക്കമാന്റിനോട് നിര്‍ദേശിച്ചത്. ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരെ കൂടി മന്ത്രിസഭയിലെടുക്കുക, എല്ലാവര്‍ക്കും സ്വീകാര്യനായ കെപിസിസി പ്രസിഡന്റിനെയും സ്പീക്കറെയും കണ്ടെത്തുക, ധനകാര്യ വകുപ്പ് അഴിച്ചുപണിയുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൂടി ഘടക കക്ഷികള്‍ വച്ചിട്ടുണ്ട്.
കരുണാകരനെ അനുനയിപ്പിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ ഫലവത്താകുമെന്ന് കരുണാകരനുമായി അടുപ്പമുള്ള നേതാക്കളായ പിള്ളയും ജേക്കബും താമരാക്ഷനും ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിയോഗിപ്പെട്ട മൂന്നംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷം ഘടക കക്ഷി നേതാക്കള്‍ കെ. കരുണാകരനുമായി ടെലഫോണില്‍ സംഭാഷണം നടത്തി. കരുണാകരനില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഐ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതിന് ശേഷം രണ്ട് ദിവസത്തിന് ശേഷം പ്രതികരണം അറിയിക്കാമെന്ന് കരുണാകരന്‍ പറഞ്ഞിട്ടുണ്ടെന്ന് അറിയുന്നു.
ഒത്തുതീര്‍പ്പ് ഫോര്‍മുല സംബന്ധിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി, ഉമ്മന്‍ചാണ്ടി, വിവിധ യുഡിഎഫ് നേതാക്കള്‍ എന്നിവരുമായി കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം പിള്ളയും താമരാക്ഷനും ജേക്കബും ചര്‍ച്ച നടത്തും.












Click it and Unblock the Notifications