പദ്ധതി അടങ്കല്‍ 4800 കോടി
തിരുവനന്തപുരം: 4800 കോടിരൂപയുടെ വാര്‍ഷിക പദ്ധതി 2003 ഡിസംബര്‍ 31 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 370 കോടിരൂപ കൂടുതലാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യന്ത്രി എ.കെ.ആന്റണി പറഞ്ഞു.
ഇത്തവണ കൃഷിക്ക് 206 കോടിരൂപയും ഗ്രാമവികസനത്തിന് 354 കോടിയും ജലസേചനത്തിനും വെള്ളപ്പൊക്ക നിവാരണത്തിനും 182 കോടിയും വൈദ്യുതിക്ക് 704 കോടിയും വ്യവസായത്തിന് 284 കോടിയും സഹകരണത്തിന് 15 കോടിയും ഗതാഗതത്തിന് 392 കോടിയും ശാസ്ത്രസാങ്കേതിക വകുപ്പിന് 50 കോടിയും സാമൂഹ്യക്ഷേമത്തിന് 1022 കോടിരൂപയുമാണ് നീക്കിവച്ചിട്ടുള്ളത്.
വിദ്യാഭ്യാസത്തിന് കഴിഞ്ഞവര്‍ഷം വാര്‍ഷികപദ്ധതിയില്‍ 59 കോടിയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ അത് 72 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. വര്‍ദ്ധിപ്പിച്ച തുക ഉപയോഗിച്ച് സ്കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങും. ഐ.ടി.ക്ക് ഇത്തവണ 78 കോടി മാറ്റിവയ്ക്കും. കഴിഞ്ഞവര്‍ഷം ഇത് 37 കോടിരൂപയായിരുന്നു.
4800 കോടിയില്‍ 1151 കോടിരൂപ ലോകബാങ്ക്, എ.ഡി.ബി., ജപ്പാന്‍ കുടിവെള്ളപദ്ധതി എന്നിവ വഴിയുള്ളതാണ്. 1000 കോടിരൂപ കേന്ദ്രസഹായമായി ലഭിക്കും. ബാക്കിയുള്ള സംഖ്യയാണ് സസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടത്. കഴിഞ്ഞവര്‍ഷം 4430 കോടിയുടേതായിരുന്നു വാര്‍ഷിക പദ്ധതിയെങ്കിലും അത് മുഴുവന്‍ ചെലവാക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു.












Click it and Unblock the Notifications