സര്‍ക്കാരിനെ മുഷാറഫ് പിരിച്ചുവിടില്ല: ജമാലി
ഇസ്ലാമബാദ്: ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള പ്രസിഡന്റിന്റെ ഭരണഘടനാപരമായ അവകാശം പര്‍വേസ് മുഷാറഫ് ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി മിര്‍ സഫറുള്ളഖാന്‍ ജമാലി പറഞ്ഞു.
പാര്‍ലമെന്റിലും പ്രാദേശിക അസംബ്ലികളിലും നടത്തിയ വിശ്വാസവോട്ടെടുപ്പില്‍ മുഷാറഫ് വിജയിച്ചതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ജമാലി.
സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അധികാരം താന്‍ ഉപയോഗിക്കില്ലെന്ന് മുഷാറഫ് നേരത്തെ പരസ്യമായി പറഞ്ഞിട്ടുണ്ടെന്ന് ജമാലി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും ചെയ്യും. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഭരണഘടനാപരമായ അധികാരം പ്രസിഡന്റിന് ഉപയോഗിക്കേണ്ടി വരില്ല.
പാര്‍ലമെന്റിലും പ്രാദേശിക അസംബ്ലികളിലും നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ 56 ശതമാനം വോട്ടാണ് മുഷാറഫ് നേടിയത്.
കുതിരക്കച്ചവടം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജമാലി നിഷേധിച്ചു. സാര്‍ക് ഉച്ചകോടിയ്ക്ക് ശേഷം മുഷാറഫ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications