പാകിസ്ഥാനുമായി ചര്‍ച്ചയില്ല: വാജ്പേയി
ഇസ്ലാമാബാദ്: സാര്‍ക്് സമ്മേളനത്തിനിടയില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി.
സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇസ്ലാമബാദിലെത്തിയപ്പോഴാണ് വാജ്പേയി ഇത് വീണ്ടും വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ സാര്‍ക്ക് സമ്മേളനം 2004 ജനുവരി നാലിനാണ് തുടങ്ങുന്നത്.
ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി മിര്‍ സഫറുള്ള ഖാന്‍ ജമാലി വാജ്പേയിയെ സ്വീകരിച്ചു. ജനുവരി മൂന്ന് ഉച്ചയ്ക്കാണ് പ്രത്യേക വിമാനത്തില്‍ വാജ്വേയി ഇസ്ലാമാബാദില്‍ എത്തിയത്.
ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയുടെ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹ നേരത്തേ തന്നെ ഇസ്ലാമാബാദിലെത്തിയിട്ടുണ്ട്. സാര്‍ക്ക് വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ യശ്വന്ത് സിന്‍ഹയും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യാ - പാകിസ്ഥാന്‍ ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
ഇന്ത്യാ - പാക് ബന്ധം സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും നടത്തുന്നില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. സാര്‍ക്ക് സമ്മേളനങ്ങള്‍ക്കിടയില്‍ വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേശ് മുഷാറഫും തമ്മില്‍ കണ്ടേയ്ക്കും. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ചര്‍ച്ചാ വിഷയമാവില്ലെന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രഖ്യാപിത നിലപാട്.












Click it and Unblock the Notifications