ചര്‍ച്ചയില്‍ തീവ്രവാദവും കശ്മീര്‍ പ്രശ്നവും
ഇസ്ലാമബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദവും കശ്മീര്‍ പ്രശ്നവും പരാമര്‍ശ വിഷയങ്ങളായി.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മുഷാറഫ് കശ്മീര്‍ പ്രശ്നം പരാമര്‍ശിക്കുകയും വാജ്പേയി ഭീകരവാദത്തെക്കുറിച്ചുള്ള തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്ഖ് റഷിദ് അഹമ്മദ് പറഞ്ഞു. ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഇന്ത്യയും പാകിസ്ഥാനും സംയുക്ത പ്രഖ്യാപനം നടത്തിയേക്കുമെന്നും ഇരുരാജ്യങ്ങളും അതിനുള്ള ചില തടസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അഹമ്മദ് പറഞ്ഞു. തടസങ്ങളെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
വിദേശകാര്യമന്ത്രി യശ്വന്ത് സിഹ്നയുടെ അന്തിമ പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്. സംയുക്ത പ്രഖ്യാപനത്തിന് അന്തിമരൂപം നല്‍കുന്നതിന് ഇരുവിഭാഗത്തെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും- അദ്ദേഹം വ്യക്തമാക്കി.
വാജ്പേയിയും മുഷാറഫും തമ്മിലുള്ള കൂടിക്കാഴ്ച ചര്‍ച്ചകള്‍ക്കുള്ള നല്ല തുടക്കമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മസൂദ് ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications