കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്സിസത്തില്‍ വെള്ളം ചേര്‍ക്കുന്നു: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രത്തെ അട്ടിമറിക്കാനായി സാമ്രാജ്യത്വ ഏജന്‍സികള്‍ ബുദ്ധിജീവികളെ ഇറക്കിയിട്ടുണ്ടെന്നും കേരളത്തിലും അത്തരം ബുദ്ധിജീവികളുണ്ടെന്നും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.

ജനവരി ആറ് ചൊവാഴ്ച ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച അധിനിവേശത്തിന്റെ ഉപകരണങ്ങള്‍ എന്ന ലേഖനത്തിലാണ് അച്യുതാനന്ദന്‍ മാര്‍ക്സിസത്തെ ചോദ്യം ചെയ്യുന്ന ബുദ്ധിജീവികള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രം സംബന്ധിച്ച ചില ബുദ്ധിജീവികളുടെ വാദഗതികളും എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തവും ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അച്യുതാനന്ദന്‍ ലേഖനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

കമ്യൂണിസ്റുകള്‍ക്ക് പകരം എന്‍ജിഒകള്‍ പ്രാപ്തരായി വരും, സ്കൂളുകളിലും കോളജുകളിലും രാഷ്ട്രീയം പാടില്ല തുടങ്ങിയ പ്രചാരവേലകളിലൂടെ സാംസ്കാരിക രംഗമാകെ മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അച്യുതാനന്ദന്‍ ലേഖനത്തില്‍ പറയുന്നു.

അധിനിവേശത്തിന്റെ മുഖ്യആയുധം സര്‍വകലാശാലകളിലും ബൗദ്ധിക മണ്ഡലങ്ങളിലും ചെലവിനു കൊടുത്ത് നിര്‍ത്തിയിരിക്കുന്ന ദല്ലാളന്‍മാരാണ്. സമരം ചെയ്യുന്ന ജനങ്ങളെ അവര്‍ വഴിതെറ്റിക്കുന്നു. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളോട് വിരക്തിയുണ്ടാക്കുന്നു. മഹിളാ പ്രസ്ഥാനത്തിന് പകരം ഫെമിനിസ്റ്-ബ്യൂട്ടി പാര്‍ലര്‍ വിഭാഗത്തെ രംഗത്തിറക്കുന്നു. ഉപഭോക്തൃ സംസ്കാരവും പരസ്യപ്രളയവും സൃഷ്ടിച്ച് യുവതലമുറയെ ഒരു സ്വപ്നലോകത്ത് തള്ളിയിടുന്നു.

മാര്‍ക്സിസം കാലഹരണപ്പെടുവെന്ന് പറയുന്നവരും ഗോര്‍ബച്ചേവിസ്റുകളും ഒരേ തൂവല്‍പക്ഷികളാണ്. സിപിഎമ്മിലെ അംഗങ്ങള്‍ക്ക് ഈ രണ്ടു പാളിച്ചകളും തീരെ പാടില്ലാത്തതാണ്. മാര്‍ക്സിസത്തില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കും സിപിഎമ്മില്‍ സ്ഥാനമില്ല.

ചിലര്‍ സിപിഎമ്മിന്റെ കാലോചിതമായി പുതുക്കിയ ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയിലും വെള്ളം ചേര്‍ത്തതായി കാണുന്നു. പരിപാടിയില്‍ ഉറച്ചുനില്‍ക്കാത്തവര്‍ക്ക് പാര്‍ട്ടിയിലും ഉറച്ചുനില്‍ക്കാനാവില്ല- ലേഖനത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X