തീര്‍ഥാടന വിനോദസഞ്ചാരത്തിനായി ഏജന്‍സി
കൊച്ചി: കേരളത്തില്‍ വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ആലുവയിലെ സിഎംഐ. തീര്‍ഥാടന വിനോദസഞ്ചാരം ലക്ഷ്യമാക്കി ഒരു വിനോദ സഞ്ചാര ഏജന്‍സി സിഎംഐ സ്ഥാപിച്ചു.
ഗോഡ്സ് ലാന്റ് ടൂറിസം എന്നാണ് ഏജന്‍സിയുടെ പേര്. സിഎംഐ വൈദികനും ജീവസ് കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. മാത്തിയാസ് മുണ്ടാടന്‍ ആണ് ഏജന്‍സിക്ക് രൂപം നല്‍കുന്നതിന് മുന്‍കൈയെടുത്തത്.
സംസ്ഥാനത്തെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോവുകയാണ് ഗോഡ്സ് ലാന്റ് ടൂറിസം ചെയ്യുന്നത്. വിവിധ പാക്കേജുകളിലായാണ് തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോവുന്നത്.
ഗോഡ്സ്ലാന്റ് 75 തീര്‍ഥാടന കേന്ദ്രങ്ങളിലേക്കാണ് വിവിധ പാക്കേജുകളിലായി യാത്ര സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പാക്കേജ് അനുസരിച്ച് മധ്യകേരളത്തിലെ നാല് പട്ടണങ്ങളായ കൊടുങ്ങല്ലൂര്‍, ചെണ്ടമംഗലം, ഗുരുവായൂര്‍, മലയാറ്റൂര്‍ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തും.
മലയാറ്റൂര്‍ ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളിലേക്ക് ഗോഡ്സ്ലാന്റ് യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെയും അമേരിക്കിലെയും വിനോദസഞ്ചാര ഏജന്‍സികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പരിപാടികള്‍ വിപുലമാക്കാന്‍ പദ്ധതിയുണ്ടെന്ന് ഫാ. മുണ്ടാടന്‍ പറഞ്ഞു.












Click it and Unblock the Notifications