പ്ലാച്ചിമട: വെള്ളത്തിന്റെ അളവ് കണ്ടെത്താന്‍ ഉത്തരവ്
കൊച്ചി: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി ഊറ്റിയെടുക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെ അളവ് കൃത്യമായി കണ്ടെത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കൊക്ക കോള ഫാക്ടറി ഭൂഗര്‍ഭജലമൂറ്റുന്നത് നിര്‍ത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരെ ഫാക്ടറി നല്‍കിയ ഹര്‍ജിയിന്മേല്‍ ജസ്റിസുമാരായ സിറിയക് ജോസഫ്, കെ. പത്മനാഭന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഫാക്ടറി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ബെഞ്ച് താത്കാലികമായി അനുമതി നല്‍കി.
വലിച്ചെടുക്കുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് കണക്കാക്കുന്നതിനായി കിഴല്‍ക്കിണറുകളിലും തുറന്ന കിണറുകളിലും ജനവരി 11-ാം തീയതിയോടെ വാട്ടര്‍മീറ്റര്‍ സ്ഥാപിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
ഫാക്ടറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ കണ്‍വീനറായ ഡോ. ജെയിംസ് ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ട് ഫിബ്രവരി 2-ാം തീയതിയോടെ കോടതിയില്‍ സമര്‍പ്പിക്കണം.
എല്ലാ തിങ്കളാഴ്ചകളിലും വാട്ടര്‍മീറ്റര്‍ പരിശോധിച്ച് വെള്ളത്തിന്റെ അളവ് ഡോ. ജെയിംസ് തിട്ടപ്പെടുത്തണം. അദ്ദേഹത്തോടൊപ്പം ഫാക്ടറിയുടെയും പഞ്ചായത്തിന്റെയും പ്രതിനിധികളും ഉണ്ടാവണം.
കോടതിയെയും സമിതി കണ്‍വീനറെയും സഹായിക്കുന്നതിന് ഹൈക്കോടതി അഭിഭാഷകനായ കെ. ടി. സുധാകരെ ബെഞ്ച് നിയോഗിച്ചു. ഫിബ്രവരി 12ന് കേസിന്മേല്‍ കോടതി വീണ്ടും വാദം കേള്‍ക്കും.












Click it and Unblock the Notifications