കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം. പി. പരമേശ്വരന്റെ ലേഖനം പാഠപുസ്തകത്തില്‍

  • By Super
Google Oneindia Malayalam News

കോഴിക്കോട്: എം. പി. പരമേശ്വരന്റെ വിവാദമുണ്ടാക്കിയ ലേഖനം സംസ്ഥാനത്തെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ട മലയാളം പുസ്തകത്തിലെ പ്രബന്ധങ്ങളിലൊന്നാണ്.

രണ്ടാം ഭാഷ മലയാളമായി എടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ട പുസ്തകത്തിലാണ് എം. പി. പരമേശ്വരന്റെ വികസനത്തിനുള്ള ബദല്‍ മാതൃകയെ കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2002 ഫിബ്രവരിയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രഗതിയില്‍ വന്ന പുതിയ നൂറ്റാണ്ട്, പുതിയ ജീവിതം എന്ന ലേഖനമാണ് സാഹിത്യദര്‍പ്പണം (രണ്ടാം ഭാഗം) എന്ന പാഠപുസ്തകത്തിലുള്ളത്.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ നിര്‍ദേശിച്ച പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പുസ്തകമാണ് സാഹിത്യദര്‍പ്പണം. ശാസ്ത്രത്തെ കുറിച്ചുള്ള പ്രബന്ധം എന്ന വിഭാഗത്തിലായാണ് ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രഗതിയില്‍ വന്ന ലേഖനം അതേ പടിയാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

അമേരിക്കന്‍ മാതൃകയിലുള്ള ഉപഭോക്തൃ സംസ്കാരത്തിന്റെ അമിതവ്യാപനത്തെ ചെറുക്കാന്‍ കേരളം പോലുള്ള ഒരു സംസ്ഥാനം അതിന്റെ വിഭവങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതിനെ കുറിച്ചാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. മുതലാളിത്ത രാജ്യമായ അമേരിക്കയുടെ വികസന സങ്കല്പത്തില്‍ നിന്ന് വ്യത്യാസമല്ലാത്തതിനാലാണ് റഷ്യയിലെ സോഷ്യലിസ്റ് പരീക്ഷണം പരാജയപ്പെട്ടതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കേണ്ടതിന്റെയും സ്വദേശി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റി ലേഖനത്തില്‍ പറയുന്നുണ്ട്.

കെ. നാരായണന്‍ നമ്പൂതിരി എഡിറ്റ് ചെയ്ത പാഠപുസ്തകത്തിന് വേണ്ടി ലേഖനം തിരഞ്ഞെടുത്തത് വി പബ്ലിഷേഴ്സിന്റെ സഹോദര സ്ഥാപനമായ ആള്‍ സെയ്ന്റ്സ് ഇന്റര്‍നാഷണണല്‍ പബ്ലിഷേഴ്സാണ്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിന്റെ വിദഗ്ധ സമിതിയാണ് പാഠപുസ്തകത്തിന് അംഗീകാരം നല്‍കുന്നത്.

വിവാദം ഉണ്ടായതിന് ശേഷവും ലേഖനം പാഠ്യവിഷയമാണെന്ന വസ്തുത ശാസ്ത്രസാഹിത്യ പരിഷത്ത് നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ലേഖനം പ്ലസ് ടു പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ലേഖനം ഉള്‍പ്പെടുത്തിയതില്‍ തെറ്റായൊന്നുമില്ലെന്നും പരിഷത്ത് നേതാവ് പ്രൊഫ. ശ്രീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X