ആന്റണി, ചാണ്ടി ഒത്തുകളിയ്ക്കുന്നു: മുരളി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച പ്രശ്നത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും ഒത്തുകളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ഇരുവരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒരാള്‍ മൃദുസമീപനവും മറ്റേയാള്‍ കടുത്ത നിലപാടും സ്വീകരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോവുന്നത് പാര്‍ട്ടിക്ക് ദോഷമാവും. പ്രശ്നം നീട്ടികൊണ്ടു പോവുന്നത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചിലരെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ. - മുരളി പറഞ്ഞു.
കൂടുതല്‍ ചര്‍ച്ച നടത്താതെ പ്രശ്നപരിഹാരം സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്റ് നടത്തുകയാണ് വേണ്ടത്. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന പിന്‍വലിക്കാനും നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കാനും മുഖ്യമന്ത്രി തയ്യാറാവണം. - മുരളി ആവശ്യപ്പെട്ടു.
ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കെ. കരുണാകരന്‍ പ്രണബ് മുക്കര്‍ജിയെ അറിയിച്ചതെന്നും തുടര്‍ന്ന് ചര്‍ച്ച നടത്തിയതു കൊണ്ട് പ്രയോജനമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പി. സി. ചാക്കോയോട് ദില്ലിയില്‍ നിന്ന് തിരികെ വരാന്‍ ആവശ്യപ്പെട്ടതെന്നും മുരളി വ്യക്തമാക്കി. നേതൃമാറ്റമല്ലാതെ മറ്റ് വല്ല പരിഹാരമാര്‍ഗ്ഗവും ഹൈക്കമാന്റിന്റെ കയ്യിലുണ്ടെങ്കില്‍ അത് കരുണാകരനെ അറിയിക്കണമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications