ഗള്‍ഫ് ഇന്ത്യക്കാര്‍ വിമാനം ബഹിഷ്കരിക്കും
ദുബായ്: വിമാനടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് ഗള്‍ഫിലെ ഇന്ത്യക്കാര്‍ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും വിമാന സര്‍വീസുകള്‍ ബഹിഷ്കരിക്കുന്നു.
കഴിഞ്ഞയാഴ്ച യുഎഇയിലെ ഇന്ത്യക്കാര്‍ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും വിമാന സര്‍വീസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ബഹ്റിനിലെ മലയാളികളും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ബഹിഷ്കരിക്കാനുള്ള നീക്കത്തിലാണ്.
വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഎഇയിലെ ഇന്ത്യക്കാരെ പോലെ തങ്ങളും ബഹിഷ്കരണം നടത്തുമെന്ന് ലോക മലയാളി കൗണ്‍സില്‍ ബഹ്റിന്‍ മേഖലാ സെക്രട്ടറി എബ്രഹാം ജോണ്‍ പറഞ്ഞു.
ബഹ്റിനിലെ ലോക മലയാളി കൗണ്‍സില്‍ യോഗം ചേര്‍ന്ന് നിരക്ക് കുറക്കണമെന്ന് എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ എയര്‍ലൈന്‍സിനോടും ആവശ്യപ്പെട്ടു. വിമാനനിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞവേതനം പറ്റുന്ന ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താവുന്ന വിധത്തിലുള്ള വിമാനസര്‍വീസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കത്തോട് സഹകരിയ്ക്കാനും യോഗം ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹ്റിനില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഏതാണ്ട് 250 ബഹ്റിന്‍ ദിനാറാണ് ഈടാക്കുന്നത്. മൂന്നര മണിക്കൂര്‍ നേരത്തെ യാത്രയ്ക്ക് ഇത്രയും തുക ഈടാക്കുന്നത് ന്യായമല്ല. മനിലയിലേക്കും ഫിലിപ്പൈന്‍സിലേക്കുമുള്ള അഞ്ചര മണിക്കൂര്‍ നേരത്തെ യാത്രയ്ക്ക് 320ഉം 295ഉം ബഹ്റിന്‍ ദിനാര്‍ മാത്രമേ കതായ് പസഫിക്കിനെപ്പോലുള്ള വിമാനക്കമ്പനികള്‍ ഈടാക്കുന്നുള്ളൂ.
തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 180 ബഹ്റിനന്‍ ദിനാര്‍ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. 15 മണിക്കൂറെടുക്കുന്ന ന്യൂയോര്‍ക്ക്-ബഹ്റിന്‍ വിമാന യാത്രക്ക് 435 ബഹ്റിന്‍ ദിനാറാണ് ഗള്‍ഫ് എയറും മറ്റും ഈടാക്കുന്നത്. ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഈ യാത്രയ്ക്ക് വാങ്ങുന്നത് 335 ദിനാര്‍ മാത്രമാണ്.
മറ്റ് സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നത് മൂലമുണ്ടാവുന്ന നഷ്ടം പരിഹരിക്കുന്നതിനാണ് ഗള്‍ഫിലേക്ക് അമിത നിരക്ക് ഈടാക്കുന്നതെന്ന് എബ്രഹാം ജോണ്‍ പറഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പിഴിയുകയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സും എയറിന്ത്യയും.- എബ്രഹാം ജോണ്‍ പറഞ്ഞു.
പ്രധാനമന്ത്രി വാജ്പേയി ഈയിടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പുകഴ്ത്തിയിരുന്നു. ഗള്‍ഫ് ഇന്ത്യക്കാരുടെ ആകെ വരുമാനത്തിന്റെ 50 ശതമാനം സംഭാവന ചെയ്യുന്നതും മലയാളികളാണെന്നും എബ്രഹാം ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications