തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു
പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ജനവരി 12 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെട്ടു.
തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നതിന് സാക്ഷ്യം വഹിക്കുന്നതിന് ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. മകരവിളക്ക് ദിവസമായ ജനവരി 14ന് ഘോഷയാത്ര സന്നിധാനത്തെത്തും. സായുധ പൊലീസുകാരുടെ വന്‍സംഘം ഘോഷയാത്രയ്ക്ക് അകമ്പടിയായുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും തിരുവാഭരണം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ഘോഷയാത്ര ആരംഭിച്ചു.
ഘോഷയാത്രയ്ക്ക് മുമ്പായി ഉച്ചയ്ക്ക് 12.45ന് മേല്‍ശാന്തി തിരുവാഭരണം വച്ച പെട്ടികളില്‍ നീരഞ്ജനം ആരതി നടത്തി. ആകാശത്തില്‍ കൃഷ്ണപരുന്തിനെ കണ്ടതിനെ തുടര്‍ന്നാണ് ശരണംവിളികളുടെ അകമ്പടിയോടെ ഘോഷയാത്ര തുടങ്ങിയത്. മകയിരം തിരുന്നാള്‍ രാജരാജവര്‍മ ഇത്തവണ ഘോഷയാത്രയ്ക്ക് അകമ്പടി വഹിക്കുന്നുണ്ട്.
ജനവരി 14 ബുധനാഴ്ച സന്നിധാനത്തെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും വൈകീട്ട് 6.30ന് നടക്കുന്ന ദീപാരാധനയ്ക്ക് മുമ്പായി അയ്യപ്പവിഗ്രഹത്തിന് തിരുവാഭരണം അണിയിക്കും. ജനവരി 24ന് തിരുവാഭരണം പന്തളത്തേക്ക് തിരിച്ചുകൊണ്ടുപോവും.












Click it and Unblock the Notifications