ചകിരി: കര്‍ണാടകവുമായി ധാരണ
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കയര്‍സംഘങ്ങള്‍ക്ക് ചകിരി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കയര്‍ഫെഡ് കര്‍ണാടകത്തില്‍ നിന്നും ചകിരി എത്തിക്കുന്നതിന് കര്‍ണാടക കയര്‍ കോര്‍പ്പറേഷനുമായി ധാരണയിലെത്തി.
കര്‍ണാടകത്തില്‍ നിന്ന് ചകിരിയെത്തിക്കുന്നതിന് താരതമ്യേന ചെലവ് കുറവാണെന്നതിനാലാണ് കര്‍ണാടക കയര്‍ കോര്‍പ്പറേഷനുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. തുടക്കത്തില്‍ ചകിരി കയര്‍ഫെഡില്‍ എത്തിച്ചതിന് ശേഷം അവിടെ നിന്ന് കയര്‍ സംഘങ്ങള്‍ക്ക് വിതരണം ചെയ്യും. പിന്നീട് ചകിരി നേരിട്ട് കയര്‍ സംഘങ്ങളിലെത്തിക്കും.
കര്‍ണാടകത്തില്‍ ബ്രൗണ്‍ ഫൈബര്‍ ഇനത്തില്‍ പെട്ട ചകിരിയ്ക്ക് കിലോയ്ക്ക് ഒമ്പത് രൂപയാണ് വില. വൈറ്റ് ഫൈബര്‍ ഇനത്തില്‍ പെട്ടതിന് 12 രൂപയും. പൊള്ളാച്ചി ചകിരിക്ക് കിലോക്ക് 13 രൂപയാണ് വില. അവിടെ നിന്ന് എത്തിക്കുന്നതിനുള്ള കൂലി കൂടിയാവുമ്പോള്‍ വില 17 രൂപയാവും.
കര്‍ണാടകത്തില്‍ നിന്ന് ചകിരിയെത്തിക്കുന്നതിന് കടത്തുകൂലിയില്‍ സര്‍ക്കാരില്‍ നിന്നും സബ്സിഡി കിട്ടുന്നതിന് ശ്രമിക്കുന്നുണ്ട്. സബ്സിഡി കിട്ടുകയാണെങ്കില്‍ ന്യായമായ വിലയ്ക്ക് ചകിരി കയര്‍സംഘങ്ങള്‍ക്കെത്തിക്കാനാവും.
ലക്ഷദ്വീപില്‍ നിന്ന് പച്ചത്തൊണ്ട് ഉരുക്കളില്‍ ബേപ്പൂരിലെത്തിച്ച് ചകിരിയാക്കി വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ ചകിരിക്ക് വില കൂടിയെങ്കിലും അതിന് അനുസൃതമായി കയര്‍ വില കൂടാത്തതിനാല്‍ കയര്‍ സംഘങ്ങള്‍ പ്രതിസന്ധിയിലാണ്. ഇതുമൂലം സംസ്ഥാനത്തെ പല കയര്‍ സംഘങ്ങളും അടച്ചുപൂട്ടി.












Click it and Unblock the Notifications