പുതിയ കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കി
തിരുവനന്തപുരം: വെള്ള ക്ഷാമം നേരിടുന്നതിനുള്ള ഒരു ഉപാധിയായി മഴവെള്ളം സംഭരിയ്ക്കല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. പുതിയതായി പണിയുന്ന വീടുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ടായിരിയ്ക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
പുതിയ കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമാക്കി കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായി മന്ത്രി ചെര്‍ക്കളം അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 13 ചൊവാഴ്ച മുതല്‍ നല്‍കുന്ന എല്ലാ കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും.
ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള വഴികളും സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്. മഴവെള്ള സംഭരണ സംവിധാനം ഉള്ള വീടുകള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനയിലുണ്ട്.
200 ചതുരശ്രമീറ്ററില്‍ (ഏതാണ്ട് അഞ്ച് സെന്റ്) കുറവ് സ്ഥലവിസ്തീര്‍ണവും 100 ച.മീറ്ററില്‍ കുറവ് തറവിസ്തീര്‍ണവും ഉള്ള വീടുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓലയോ പുല്ലോ മേഞ്ഞ കെട്ടിടങ്ങള്‍ക്കും ഈ നിയമം ബാധകമല്ല. ഇതൊഴികെയുള്ള വീടുകള്‍ക്കും വിദ്യാഭ്യാസം, ആശുപത്രി, സമ്മേളനം, കാര്യാലയം, വാണിജ്യം, വ്യവസായം തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും നിയമം ബാധകമായിരിക്കും.
വീടിന്റെ മേല്‍ക്കൂരയില്‍ സംഭരണ പ്രദേശം, വെള്ളപ്പാത്തി, താഴേക്കുള്ള പൈപ്പ്, അരിപ്പ്, ജലസംഭരണി എന്നിവ ഉണ്ടാവണം. വീടുകള്‍ക്ക് ചതുരശ്ര മീറ്ററിന് 25 ലിറ്ററും മറ്റുള്ളവയ്ക്ക് ചതുരശ്ര മീറ്ററിന് 50 ലിറ്ററും ശേഷിയുള്ള ജലസംഭരണികളാണ് നിര്‍മ്മിക്കേണ്ടത്. വെള്ളക്കെട്ടുള്ളതും വെള്ളം മണ്ണിനടിയിലേക്ക് പടരാത്ത തരം അടിമണ്ണുള്ളതുമായ പ്രദേശങ്ങളെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications