രഹസ്യ അജണ്ടയില്ലെന്ന് മെത്രാപ്പോലീത്ത
മീനങ്ങാടി: ചില മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിക്കുന്നതു പോലെ യുഡിഎഫ് സര്‍ക്കാരിനെ മറിച്ചിടാന്‍ തനിക്ക് രഹസ്യ അജണ്ടയൊന്നുമില്ലെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസ് പറഞ്ഞു.
ബിഎഡ് കോളജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ എല്ലാ കാര്യങ്ങളും താന്‍ വെളിപ്പെടുത്തിയാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. പ്രശ്നത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത നിയമസഭാ സമിതിയെ നിയോഗിക്കണം. പരാതികളെയും അവകാശവാദങ്ങളെയും കുറിച്ച് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലും അന്വേഷിക്കണം.
പ്രശ്നം സാമുദായികവത്കരിക്കാനാണ് ചില മുസ്ലിം ലീഗ് നേതാക്കള്‍ ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് പ്രതിനിധികള്‍ സഭയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നു. ആരോപണവുമായി ബന്ധമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് അഴിമതി ആരോപണത്തെ ചെറുക്കുന്നതിനായി വാര്‍ത്താ സമ്മേളനം വിളിക്കുന്നു.
പ്രശ്നത്തില്‍ യുഡിഎഫ് നേതാക്കള്‍ മൗനം പാലിക്കുന്നതാണ് നിര്‍ഭാഗ്യകരം. കോളജ് അനുവദിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി നേരിട്ടും ഫോണിലൂടെയും പലവട്ടം ഉറപ്പുതന്നിരുന്നതാണ്. ചില മന്ത്രിമാരും കോളജ് അനുവദിക്കുന്നതു സംബന്ധിച്ച് ഉറപ്പുനല്‍കി. ഇപ്പോള്‍ യുഡിഎഫുമായുള്ള ബന്ധത്തെ ചൊല്ലി ചില ലീഗ് നേതാക്കള്‍ തങ്ങളെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്- മെത്രാപ്പോലീത്ത പറഞ്ഞു.


Click it and Unblock the Notifications