കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സഖ്യത്തിനിടയില്‍ ഏത് കേരളം?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനല്ല ഇപ്പോള്‍ സോണിയയ്ക്ക് സമയം. മതേതര മുന്നണി ഉണ്ടാക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ഇപ്പോള്‍ സോണിയ.

സോണിയ തിരക്കിട്ട് മുന്നണി ചര്‍ച്ചകള്‍ നടത്തുന്നതിനിടയ്ക്കും പ്രശ്നം പരിഹരിയ്ക്കപ്പെടുമെന്ന് കാത്തിരിയ്ക്കുകയാണ് കേരളത്തില്‍ കരുണാകരനും കൂട്ടരും. അപ്പപ്പോഴായി ഹൈ കമാണ്ടിനെ നോക്കി മീശ പിരിച്ച് കാണിയ്ക്കുന്നുമുണ്ട് അച്ഛനും മകനും. നേതൃമാറ്റമല്ലെങ്കില്‍ ഒരു ഉപ മുഖ്യമന്ത്രി സ്ഥാനമോ മെച്ചപ്പെട്ട വകുപ്പോടെ ഒരു മന്ത്രിസ്ഥാനമോ തരപ്പെട്ടാല്‍ അതിന്റെ പേരില്‍ ന്യായങ്ങള്‍ ഉന്നയിച്ച് തടി രക്ഷപ്പെടുത്താമെന്നാണ് ഇപ്പോള്‍ ഐ വിഭാഗം കരുതുന്നത്. എന്നാല്‍ അതിനും ഐ വിരുദ്ധ കക്ഷികള്‍ വിലങ്ങ് തടിയായിരിയ്ക്കുകയാണ്. അതിനിടയിലാണ് സോണിയയുടെ തിരക്ക്. അതുകൊണ്ട് കരുണാകര സംഘം അക്ഷമയോടെ നോക്കിയിരിയ്ക്കുകയാണ്.

ഒരു മാസത്തിന് മുമ്പ് വരെ വളരെ സ്വൈരമായി കഴിഞ്ഞിരുന്ന സോണിയയ്ക്ക് ഇപ്പോള്‍ തിരക്കോട് തിരക്ക്. ജനുവരി 15 വ്യാഴാഴ്ച സോണിയ പിറന്നാള്‍ ആഘോഷിയ്ക്കുകയായിരുന്ന മായാവതിയെ സന്ദര്‍ശിച്ചു, നാഷണലിസ്റ് കോണ്‍ഗ്രസ് നേതാവും പഴയ ബദ്ധ ശത്രുവുമായ ശരദ് പവാറുമായി ചര്‍ച്ച നടത്തി, ഇതിന് പുറമേ സഖ്യം ഉറപ്പായ കരുണാനിധിയുമായി ടെലഫോണില്‍ ചര്‍ച്ചനടത്തി. തിരഞ്ഞെടുപ്പ് നേരത്തേ ആക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഇത്ര നേരത്തെ ആക്കുമെന്ന് കോണ്‍ഗ്രസ് കരുതിയില്ല. അതുകൊണ്ട് സോണിയയ്ക്ക് ഇപ്പോള്‍ വിശ്രമവുമില്ല. ഈ സഖ്യ നീക്ക തിരക്കിനിടയില്‍ ഏത് കേരള പ്രശ്നം എന്ന് ഹൈ കമാണ്ട് ചോദിയ്ക്കുന്നില്ലെന്നേയുള്ളു.

പതിവ് പോലെ കേരളത്തിലെ ഐ വിഭാഗത്തിന് ഇപ്പോഴും പ്രതീക്ഷയാണ്. ജനുവരി 19 തിങ്കളാഴ്ചയ്ക്ക് മുമ്പ് പ്രശ്നങ്ങള്‍ ഒക്കെ പരിഹരിയ്ക്കപ്പെടുമെന്ന് 15 ാംതീയതി രാത്രിയിലും പി പി ജോര്‍ജ്ജ് ഐ വിഭാഗക്കാരുടെ യോഗത്തിന് ശേഷം പ്രത്യാശ പ്രകടിപ്പിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വേണ്ടത് ചെയ്യാന്‍ പല തവണ ഐ വിഭാഗം അവസാന ദിവസം നിശ്ചയിച്ചതാണ്. ആദ്യം അത് കൊച്ചിയില്‍ റാലി നടത്തിയ നവംബര്‍ 19 ആയിരുന്നു. അന്ന് കരുണാകരന്‍ ജനാവലിയ്ക്കുമുന്നില്‍ പുതിയ പ്രഖ്യാപനം നടത്തി. റംസാന്‍ നൊയമ്പ് കഴിയുന്നതോടെ ഭരണമാറ്റം എന്നായിരുന്നു അത്. റംസാന്‍ കഴിഞ്ഞു. പിന്നീട് തിരുവല്ല ഉപതിരഞ്ഞെടുപ്പിന് ശേഷം തീരുമാനം എന്നായിര. അതും കഴിഞ്ഞു. വീണ്ടും വന്നു പുതിയ ദിവസം. ജനുവരി എട്ടിന് മുമ്പ് പരിഹാരം വേണം എന്നായിരുന്നു ആന്റണിയുടെ ആദ്യ നിലപാട്. പിന്നാട് അത് മാറി. നിയമ സഭ കൂടുന്നതിന് മുമ്പ് പ്രശ്ന പരിഹാരം എന്നായിരുന്നു പുതിയ മൊഴി. അത് അതും കഴിഞ്ഞു. നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് മുമ്പ് എന്നതാണ് പുതിയ പ്രഖ്യാപനം. അടുത്ത ദിവസം എന്നാണെന്നാണ് കാണേണ്ടത്.

കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി രണ്ട് പേരെ നിയോഗിച്ചിട്ടുണ്ടെങ്കിലും (പ്രണാബ് മുക്കര്‍ജി, അഹമ്മദ് പട്ടേല്‍) അന്തിമ തീരുമാനം ഹൈ കമാണ്ട് എന്ന സോണിയയില്‍ നിന്ന് തന്നെ വരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഒരുപക്ഷേ ഏറ്റവും വലിയ പാര്‍ട്ടിയിലെ ജനാധിപത്യം കണ്ട് ചിരിയ്ക്കാനേ കഴിയൂ.

ദേശീയ സഖ്യം നീക്കം മാത്രം ലക്ഷ്യം വച്ച് നീങ്ങാനുമാവില്ല. കേരളത്തിലായാലും കോണ്‍ഗ്രസിനുള്ളിലെ പട ദോഷം ചെയ്യുമെന്ന് സോണിയയ്ക്ക് അറിയാം. അതുകൊണ്ട് ഐ വിഭാഗത്തോടും ഐ വിരുദ്ധരോടും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണമെന്നാണ് ഹൈ കമാണ്ട് രഹസ്യമായി വീണ്ടും വീണ്ടും അഭ്യര്‍ത്ഥിയ്ക്കുന്നത്. മുരളിയ്ക്ക് ഒരു പ്രധാനപ്പെട്ട വകുപ്പോടെ മന്ത്രിസ്ഥാനം നല്‍കുന്നതിനോട് യോജിയ്ക്കണമെന്നാണ് ഐ വിരുദ്ധരോട് കേന്ദ്ര നേതൃത്ത്വം പറയുന്നത്. എ വിഭാഗക്കാര്‍ ഇതിന് സമ്മതിച്ചാല്‍ മറ്റ് ഐവിരുദ്ധരുടെ കാര്യം പ്രശ്നമല്ലെന്നാണ് നേതൃത്ത്വത്തിന്റെ നിലപാട്.

നിയമസഭയിലെ നയപ്രഖ്യാപന ചര്‍ച്ചയില്‍ ഐ വിഭാഗക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിരിയ്ക്കുകയാണ് ഐ വിഭാഗക്കാര്‍. അതുവരെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വേണ്ടത് പിന്നീട് നിശ്ചയിയ്ക്കുമെന്നാണ് അവര്‍ പറയുന്നത്.

ഈ നീക്കത്തിന്റെ ഭാഗമായാണ് കെ.പി.സി.സി. അദ്ധ്യക്ഷന്‍ കെ. മുരളീധരനെ ദില്ലിയിലേയ്ക്ക് വിളിച്ചിരിയ്ക്കുന്നത്. ഈ ചര്‍ച്ച വിജയിച്ചാല്‍ പിന്നാലേ അവസാന വട്ട ചര്‍ച്ചയ്ക്കായി മുഖ്യനും ലീഡറും ദില്ലിയ്ക്ക് പോകുമത്രെ. പിന്നാലേ പ്രശ്നം പരിഹരിയ്ക്കപ്പെടുമെന്നാണ് കോണ്‍ഗ്രസിലെ ശുഭാപ്തി വിശ്വാസക്കാര്‍ പറയുന്നത്.

പ്രധാനപ്പെട്ട വകുപ്പെടെ മന്ത്രിസ്ഥാനം ഒന്നും മുരളിയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഐ വിരുദ്ധരുടെ നിലപാട്. അവരുടെ ചിന്ത വേറൊന്നാണ്. വേണമെങ്കില്‍ ഈ ഐ ബോറന്മാര്‍ കോണ്‍ഗ്രസ് വിട്ട് പൊയ്ക്കോട്ടെ. എങ്കില്‍ അത്രയും സമാധാനം. പിന്നെ പാര്‍ട്ടി തങ്ങളുടെ പിടിയില്‍ ഒതുക്കാമല്ലോ എന്നാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും മനസ്സില്‍ കണ്ടിരിയ്ക്കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഈ മനസ്സിലിരിപ്പ് മാനത്ത് കണ്ട് ഉള്ളില്‍ ചിരിയ്ക്കുകയാണ് വയലാര്‍ രവിയും മൂന്നാം ഗ്രൂപ്പ് കാരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X