മൂന്ന് ടൂറിസം പദ്ധതികള്‍ വരുന്നു
തിരുവനന്തപുരം: കേരള വിനോദസഞ്ചാര കോര്‍പ്പറേഷന്റെ സ്ഥാപനമായ ടൂറിസ്റ് റിസോര്‍ട്സ് കേരള 200 കോടിയുടെ മൂന്ന് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങുന്നു.
കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപില്‍ ഉല്ലാസനൗകകള്‍ക്ക് ബെര്‍ത്തിംഗ് സൗകര്യം ഏര്‍പ്പെടുത്തും. മറീന ഇന്റര്‍നാഷണല്‍ എന്നായിരിക്കും ഇതിന്റെ പേര്. വല്ലാര്‍പാടത്ത് ഒരു ഗോള്‍ഫ് കോഴ്സ്, കോഴിക്കോട്ട് ഡ്രീം സിറ്റി വിനോദപാര്‍ക്ക് എന്നിവയാണ് മറ്റ് പദ്ധതികള്‍.
മറീന ഇന്റര്‍നാഷണല്‍ പദ്ധതി രാജ്യത്തെ ഈ വിഭാഗത്തില്‍ പെടുന്ന ആദ്യത്തെ പദ്ധതിയാണെന്ന് ടൂറിസം സെക്രട്ടറി ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു. 35 കോടിയുടെ ഈ പദ്ധതി ടൂറിസ്റ് റിസോര്‍ട്സ് കേരളയും മലേഷ്യയിലെ ട്രാന്‍സ് റിസോഴ്സ് കോര്‍പ്പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരിക്കും. മറീനയില്‍ താമസിക്കുന്നതിനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും സൗകര്യങ്ങളുണ്ടായിരിക്കും. ഷോപ്പിംഗ് കോംപ്ലക്സുകളും ഉണ്ടായിരിക്കും.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപം ഗോള്‍ഫ് കോഴ്സിനായി 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 40 കോടിയുടേതാണ് ഈ പദ്ധതി. ഗോള്‍ഫ് പ്രേമികളായ വിനോദസഞ്ചാരികളെ, പ്രത്യേകിച്ചും ജപ്പാന്‍കാരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കോഴിക്കോട് സ്ഥാപിക്കുന്ന ഡ്രീം സിറ്റി വിനോദപാര്‍ക്കും സംയുക്ത സംരംഭമായിരിക്കും. ഐസിഐസിഐയോടും കിന്‍ഫ്രയോടും പദ്ധതിക്ക് രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 25 കോടിയുടെ ഈ പദ്ധതിക്കായി 13 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ ഹോളിഡേ ഗ്രൂപ്പ് ഒഫ് കമ്പനീസ്, ദില്ലിയിലെ അപ്പു ഗാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications