ടെലികോം രംഗത്ത് 3000 കോടിയുടെ നിക്ഷേപം
കൊച്ചി: സംസ്ഥാനത്തെ ടെലികോം മേഖലയില്‍ ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 3000 കോടിയുടെ നിക്ഷേപം.
ബിഎസ്എന്‍എല്ലാണ് കേരളത്തില്‍ കൂടുതലായും നിക്ഷേപം നടത്തിയത്. 2003-04 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്ലിന്റെ കേരളത്തിലെ നിക്ഷേപം 2000 കോടിയിലേറെയാണ്. ബിപിഎല്‍ മൊബൈല്‍, എസ്കോട്ടെല്‍, എയര്‍ടെല്‍ എന്നിവയും വന്‍നിക്ഷേപം നടത്തി. 2002-03 വര്‍ഷത്തേക്കാള്‍ മൂലധനനിക്ഷേപത്തില്‍ 25 ശതമാനം വര്‍ധനവാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലുണ്ടായത്.
തങ്ങളുടെ ടെലികോം ശൃംഖല വികസിപ്പിക്കുന്നതിനായി കൂടുതല്‍ നിക്ഷേപം നടത്താന്‍ ഈ കമ്പനികള്‍ ഒരുങ്ങുകയാണ്. റിലയന്‍സിന്റെ നിക്ഷേപം കൂടി ആകുന്നതോടെ കേരളത്തിലെ ടെലികോം മേഖല കൂടുതല്‍ വിപുലമാവും.
തങ്ങള്‍ക്കിപ്പോള്‍ 33 ലക്ഷം ലാന്റ് ലൈന്‍ കണക്ഷനും മൂന്നര ലക്ഷം മൊബൈല്‍ കണക്ഷനുമാണുള്ളതെന്ന് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ (ഫൈനാന്‍സ്) മാത്യു ജോര്‍ജ് പറഞ്ഞു. മൂന്നര ലക്ഷം കണക്ഷന്‍ കൂടി ഉണ്ടാക്കുന്നതിനായി 200 കോടി കൂടി നിക്ഷേപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2004 മാര്‍ച്ചില്‍ അവസാനിക്കുന്ന 18 മാസ കാലയളവില്‍ ബിപിഎല്‍ മൊബൈല്‍ 120 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. എസ്കോട്ടെല്‍ നടപ്പ് സാമ്പത്തികവര്‍ഷം 50 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷം 500 കോടിയാണ് എസ്കോട്ടെല്‍ കേരളത്തില്‍ നിക്ഷേപിച്ചത്. ജിമ്മില്‍ പങ്കെടുത്ത റിലയന്‍സ് കേരളത്തില്‍ വന്‍നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവര്‍ ഓപ്ടിയ്ക്കല്‍ ഫൈവര്‍ ശൃംഖലയ്ക്കായി കേബിളുകള്‍ ഇട്ടുകഴിഞ്ഞു.












Click it and Unblock the Notifications