ബിജെപിയില്‍ യുവ നേതാക്കള്‍ക്ക് പ്രചരണ ചുമതല
ദില്ലി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേയ്ക്ക് നയിച്ച നേതാക്കള്‍ക്ക് വീണ്ടും പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയിരിയ്ക്കുകയാണ്.
രാജസ്ഥാനില്‍ പ്രമോദ് മഹാജനും മദ്ധ്യപ്രദേശില്‍ അരുണ്‍ ജറ്റ്ലിയുമായിരുന്നു തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. മികച്ച മാനേജ്മെന്റ് കമ്പനികളുടെ സഹായത്തോടെ സംസ്ഥാനത്തേയും അവിടെത്തെ ജനങ്ങളുടെ തൊഴില്‍, ചിന്താ രീതി എന്നിവയെക്കുറിച്ച് പഠിച്ചാണ് ഈ സാരഥികള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചത്. ശാസ്ത്രീയമായ രീതികളാണ് അവര്‍ സ്വീകരിച്ചത്.
അതുകൊണ്ട് ഇവരെതന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിയ്ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിയ്ക്കുന്നത്. ഇക്കാരണത്താല്‍ ഇക്കുറി പല ബിജെപി യുവ നേതാക്കളും തിരഞ്ഞെടുപ്പ് മത്സരത്തിനുണ്ടാവില്ല.
തിരഞ്ഞെടുപ്പിനുള്ള തന്ത്രം മെനയുക, പ്രചാരണ പരിപാടി സംഘടിപ്പിയ്ക്കുക, പ്രതിയോഗിയുടെ തന്ത്രത്തെ തോല്‍പ്പിയ്ക്കാനായി തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നേരത്തേ രൂപം നല്‍കിയ തന്ത്രങ്ങള്‍ക്ക് പുതിയ മിനുക്ക് പണികള്‍ നല്‍കുക എന്നിവയായിരിയ്ക്കും ഇവരുടെ ചുമതല. തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ചുമതല പ്രമോദ് മഹാജനാണ് നല്‍കിയിരിയ്ക്കുന്നത്. പാര്‍ട്ടിയ്ക്ക് വിഷമം ഉണ്ടായേയ്ക്കാവുന്ന ഉത്തര്‍പ്രദേശിന്റെ ചുമതലയും പ്രമോദ് മഹാജനാണ്.
അരുണ്‍ ജെറ്റ്ലിയ്ക്ക് ബിജെപിയുടെ വീക്ഷണ രേഖ തയ്യാറാക്കുകയാണ് പ്രധാന ചുമതല. ഇതിനോടൊപ്പം ബിഹാറിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്കരിയ്ക്കണം.
ദില്ലി ബിജെപി ഓഫീസിന്റെ ചുമതല ബിജെപി ജനറല്‍ സെക്രട്ടറിയായ മുക്തര്‍ അബാസ് നഖ്വിയ്ക്കാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പോയി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട മുതിര്‍ന്ന നേതാക്കളേയും മത്സര രംഗത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ ബിജെപി അദ്ധ്യക്ഷന്‍ വെങ്കയ്യാ നായിഡു, സുഷമ സ്വരാജ് എന്നിവരുള്‍പ്പെടും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി ഉണ്ടാവും.
തിരഞ്ഞെടുപ്പിനോട് അടുക്കുകയാണെങ്കിലും ഇതുവരെ ബി.ജെ.പിയ്ക്ക് ആര്‍.എസ്.എസിന്റേയും മറ്റും പൂര്‍ണ പിന്തുണ ഇതുവരെ ആര്‍ജ്ജിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ ആഗോളീകരണം, സാമ്പത്തിക - തൊഴില്‍ നയങ്ങള്‍ എന്നിവയെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ക്കുകയാണ്. ഈ സംഘടനകളെ തങ്ങളുടെ വഴിയ്ക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി തുടങ്ങി കഴിഞ്ഞു. ഇവരുടെ സഹകരണം ഉണ്ടായില്ലെങ്കില്‍ പലസ്ഥലങ്ങളിലും ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കുറവുണ്ടാവും. അത് ബിജെപി നേതൃത്ത്വത്തിന് നന്നായി അറിയാം.
പ്രചരണ ചുമതലയും മറ്റും ഏറ്റെടുത്ത് മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കുന്നത് പ്രധാനമായും രണ്ടാം നിര നേതാക്കളാണ്. ഇതില്‍ മിയ്ക്കവരും രാജ്യസഭാ അംഗങ്ങളാണ്.












Click it and Unblock the Notifications