ശബരിമല ഉത്സവകാലം അവസാനിച്ചു
ശബരിമല: ശബരിമല ഉത്സവകാലം അവസാനിയ്ക്കുകയാണ്. മണ്ഡല, മകരവിളക്ക് ഉത്സവങ്ങള്‍ക്ക് ശേഷം ജനുവരി 20 ചൊവാഴ്ച(മകരം ആറ്) ശബരിമല നട അടച്ചു.
രാവിലെ അഞ്ച് മണിയ്ക്ക് നട തുറന്നു. പന്തളം രാജ പ്രതിനിധിദര്‍ശനം നടത്തിയതോടെയാണ് നട അടച്ചത്. രാജ പ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി സ്വാമി അയ്യപ്പവിഗ്രഹത്തിന് നേരിയതുകൊണ്ട് തലേക്കെട്ടി. കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ മുദ്രവടിയും അണിയിച്ചു. പിന്നീട് വിഗ്രഹം ഭസ്മം കൊണ്ടുമൂടി.
ശ്രീകോവില്‍ പൂട്ടി താക്കോല്‍ മേല്‍ശാന്തി രാജപ്രതിനിധിയെ ഏല്‍പിച്ചു. പതിനെട്ടാം പടിക്കു താഴെ വച്ച് രാജപ്രതിനിധി മേല്‍ശാന്തിക്ക് താക്കോല്‍ മടക്കി നല്‍കി.
ഇനി കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12ന് വൈകീട്ട് 5.30ന് നട തുറക്കും. മാളികപ്പുറത്തെ ഗുരുതി തിങ്കളാഴ്ച രാത്രി നടന്നിരുന്നു.
ഇക്കുറി ശബരിമലയില്‍ 55 കോടി രൂപയാണ് നട വരവായി കിട്ടിയത്. 55,26,84,781 രൂപയാണ് ജനവരി 18 വരെ മൊത്തം വരവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ ജനുവരി ഒന്നു മുതല്‍ 18 വരെയുള്ള കാലയളവിലെ വരവ് 19,17,31,591 രൂപയാണ്. മണ്ഡലകാലത്തെ വരവ് 36,09,53,190 രൂപയാണ്.












Click it and Unblock the Notifications