സ്പീക്കര്‍ക്കെതിരായ പ്രമേയചര്‍ച്ച ഫെബ്രു. 9ന്
തിരുവനന്തപുരം: വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിന്മേല്‍ ഫിബ്രവരി ഒമ്പതിന് നിയമസഭ ചര്‍ച്ച ചെയ്യും.
ജനുവരി 21 ബുധനാഴ്ച ശൂന്യവേളക്ക് ശേഷം പ്രതിപക്ഷത്തിന്റെ നോട്ടീസിന്മേല്‍ ചര്‍ച്ച ചെയ്യുന്നതിനായി സഭാ സമ്മേളനം ഒരു ദിവസത്തേക്ക് കൂടി നീട്ടുന്നതിന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സഭയുടെ അനുമതി തേടി. സ്പീക്കറുടെ അഭ്യര്‍ഥന പ്രകാരം സഭ ഒരു ദിവസത്തേക്ക് കൂടി സമ്മേളിച്ച് പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് അവതരിപ്പിക്കുകയും വോട്ട് ഒണ്‍ അക്കൗണ്ട് പാസാക്കുകയും ചെയ്തതിന് ശേഷം ഫിബ്രവരി ആറിന് സഭ പിരിയാനാണ് നിയമസഭാ ഉപദേശക സമിതി തീരുമാനിച്ചിരുന്നതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
സമിതി സഭാ സമ്മേളനത്തിലെ പരിപാടികള്‍ നേരത്തെ തീരുമാനിച്ചതിന് ശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കിയത് എന്നതിനാല്‍ ചട്ടമനുസരിച്ച് പ്രമേയം പരിഗണിക്കേണ്ടതില്ല. എന്നാല്‍ തനിക്കെതിരായ പ്രമേയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications