കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍
തിരുവന്തപുരം: കേരളത്തില്‍ ഐ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് യോഗത്തില്‍ എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ പലതും ത്യജിയ്ക്കാന്‍ തയ്യാറാകണമെന്നാണ് കരുണാകരന്‍ വച്ച നിര്‍ദേശങ്ങളിലൊന്ന്. അതിന് എംഎല്‍എമാര്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. പിന്നീട് കെ. മുരളീധരന്‍ വിളിച്ചുചേര്‍ത്ത ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗത്തില്‍ മുരളിയും ഇതേ നിലപാട് ആവര്‍ത്തിച്ചു. പിളര്‍ന്നാല്‍ ഗ്രൂപ്പിനൊപ്പം നില്ക്കുമെന്ന് എല്ലാ എംഎല്‍എമാരും വാഗ്ദാനം ചെയ്തതായി അറിയുന്നു.
അതേ സമയം എങ്ങിനെയെങ്കിലും അനുരഞ്ജനമുണ്ടാക്കി പ്രശ്നം പരിഹരിച്ച്, കഴിയുന്നതും കോണ്‍ഗ്രസിന്റെ ഉള്ളില്‍ തന്നെ നില്ക്കണമെന്ന് എംഎല്‍എമാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. തനിയ്ക്കും അതാണ് ആഗ്രഹമെന്നും പക്ഷെ ഹൈക്കമാന്റ് മറുപക്ഷത്തോടൊപ്പം നിന്നാല്‍ പിളരുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നായിരുന്നു മുരളീധരന്റെ നിലപാട്.
കരുണാകരന്‍ സിപിഎം ക്യാമ്പുമായും ചര്‍ച്ചകള്‍ നടത്തുന്നതായും അറിയുന്നുണ്ട്. പിളര്‍ന്നുവന്നാല്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ നാല് സീറ്റ് നല്കുമോ എന്നാണ് കരുണാകരന്‍ ചോദിച്ചിട്ടുള്ളത്. ഇക്കാര്യം സിപിഎം ചര്‍ച്ച ചെയ്യുകയാണ്.












Click it and Unblock the Notifications