പുതിയ ഫോര്‍മുല കരുണാകരന്‍ തള്ളി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് കെ. കരുണാകരന് മുന്നില്‍ പുതിയ നിര്‍ദേശങ്ങളടങ്ങിയ ഫോര്‍മുല വച്ചു. എന്നാല്‍ ഫോര്‍മുല കരുണാകരന്‍ തള്ളി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഐ ഗ്രൂപ്പിന് പ്രധാന വകുപ്പുകള്‍ നല്‍കാമെന്നും അതുവരെ കാത്തിരിക്കണമെന്നും ഹൈക്കമാന്റ് കെ. കരുണാകരനോട് ആവശ്യപ്പെട്ടെങ്കിലും പ്രധാന വകുപ്പുകള്‍ക്കായി ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറല്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.
നാല് നിര്‍ദേശങ്ങളടങ്ങിയ പുതിയ ഫോര്‍മുലയാണ് ഹൈക്കമാന്റ് കരുണാകരന് മുന്നില്‍ വച്ചത്- തത്കാലം മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക, കെപിസിസി പ്രസിഡന്റ് സ്ഥാനം തത്കാലം പി. പി. തങ്കച്ചന് നല്‍കുക, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുന:സംഘടന നടത്തുമ്പോള്‍ മുരളിക്ക് പ്രധാന വകുപ്പുകള്‍ നല്‍കുക, അച്ചടക്ക നടപടി ഒഴിവാക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന വകുപ്പുകളുടെ ചുമതല മാറ്റി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കമാന്റ് കരുണാകരനെ അറിയിച്ചു. എന്നാല്‍ പ്രധാന വകുപ്പുകള്‍ക്കായി കാത്തിരിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ കരുണാകരന്‍ ഉറച്ചുനിന്നതോടെ ഈ ഫോര്‍മുലയും പാളി.












Click it and Unblock the Notifications