1.25 ലക്ഷം ഇന്ത്യക്കാര്‍ മക്കയില്‍
മക്ക: ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ അവസാനസംഘവും മക്കയില്‍ എത്തി. അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള 870 പേര്‍ കൂടി കഴിഞ്ഞ ദിവസം പുണ്യനഗരിയില്‍ എത്തിച്ചേര്‍ന്നു. ഇതോടെ കേന്ദ്രഹജ് കമ്മിറ്റിയുടെ കീഴിലുള്ള 70,000 ഹാജിമാരുടെ വരവ് പൂര്‍ത്തിയായി.
കേരള ഹജ് കമ്മിറ്റി മുഖേന എത്തിയ 7,630 പേരും പുണ്യ റൗളാ ശരീഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ മടങ്ങിയെത്തി. ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ് സംഘങ്ങള്‍ മുഖേന 45,000 പേരും വിദേശഇന്ത്യക്കാരായ 10,000ലേറെ ഹാജിമാരും എത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ആകെ ഹാജിമാരുടെ എണ്ണം 1.25 ലക്ഷത്തോളം വരുമെന്നാണ് ഔദ്യോഗികകണക്ക്.
മിനയില്‍ ഇന്ത്യന്‍ ഹജ് മിഷന്റെ ഓഫീസ് തുറന്നുകഴിഞ്ഞു. ജംറയ്ക്ക് 900 മീറ്റര്‍ അകലെയുള്ള കിംഗ് ഫൈസല്‍ പാലത്തിന് സമീപത്താണ് ഇന്ത്യന്‍ ഹജ് മിഷന്റെ പ്രധാനകാര്യാലയം. ഇന്ത്യക്കാര്‍ക്ക് മിനയില്‍ സുഖുല്‍ അറബ് മുതല്‍ കിംഗ് ഖാലിദ് പാലം വരെയാണ് തമ്പുകള്‍ അനുവദിച്ചിരിക്കുന്നത്. മുഴുവന്‍ പേരെയും മിനയ്ക്ക് അകത്ത് തന്നെ താമസിപ്പിയ്ക്കും. ജനവരി 30 വെള്ളിയാഴ്ചയാണ് ഹജ് നമസ്കാരച്ചടങ്ങുകള്‍ തുടങ്ങുക.
മിനയില്‍ തമ്പുകളും ഓഫീസുകളും തിരിച്ചറിയുന്നതിന് ഇന്ത്യയുടെ കൊടി നാട്ടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മിനയിലും മക്കയിലും പെയ്ത കനത്ത മഴ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. പെട്ടെന്ന് ഇവിടെ ബാധിച്ച തണുപ്പ് കാരണം നൂറിലേറെ ഹാജിമാര്‍ മരിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്. ഓരോ ഹാജിയ്ക്കും മിനയില്‍ 1.25 ചതുരശ്രയടി സ്ഥലമാണ് നല്കുക.












Click it and Unblock the Notifications