ഇറാഖില്‍ സ്ഫോടനം; 10 പേര്‍ക്ക് പരിക്ക്
ബാഗ്ദാദ്: ബാഗ്ദാദിന് വടക്ക് തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 10 ഇറാഖികള്‍ക്ക് പരിക്കേറ്റു. യുഎസ് സൈന്യവുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഇറാഖി പൊലീസുകാരുടെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം.
ബാഗ്ദാദിന് 40 മൈല്‍ വടക്ക് ബക്കുബ നഗരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇറാഖി പൊലീസുകാരുടെ വാഹനത്തിന് നേരെ തീവ്രവാദികള്‍ ബോംബാക്രമണം നടത്തുകയായിരുന്നു.
ഡീസല്‍ വില്ക്കുന്ന വണ്ടിയില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിയ്ക്ക് കാരണമായത്.
ഇതിനിടെ യുഎസില്‍ ബുഷ് ഭരണകൂടത്തിനെതിരെ ജനവികാരം ഉയരുകയാണ്. ഇറാഖില്‍ കൂട്ടനാശത്തിനുള്ള ആയുധമില്ലെന്ന മുന്‍ മുഖ്യ ആയുധപരിശോധകന്‍ ഡേവിഡ് കെയുടെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. ഈയിടെ ഇറാഖ് സന്ദര്‍ശിച്ച യുഎസ് വിദേശകാര്യമന്ത്രി പവലിനും കൂട്ടനാശത്തിനുപകരിയ്ക്കുന്ന ആയുധങ്ങള്‍ ഇറാഖിന്റെ പക്കലുണ്ടെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സദ്ദാമില്‍ നിന്നുള്ള ഭീഷണി ഊതിപ്പെരുപ്പിക്കപ്പെട്ട ഒന്നായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഡേവിഡ് കെ അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം ഇറാഖിലെയും അഫ്ഗാനിസ്ഥാനിലേയും വെല്ലുവിളികള്‍ നേരിടാന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഎസ്. യുഎസ് സേനയിലേക്ക് 30,000 സൈനികരെ കൂടി റിക്രൂട്ട് ചെയ്യുമെന്ന് സൈനികമേധാവി ജനറല്‍ പീറ്റര്‍ സ്കൂമേക്കര്‍ പറഞ്ഞു.












Click it and Unblock the Notifications