അറ്റസ്റേഷന്‍ കേന്ദ്രം തുടങ്ങി
തിരുവനന്തപുരം: വിദേശത്ത് ജോലിതേടിപ്പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനുള്ള കൗണ്ടര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് ഓഫീസ് പ്രവര്‍ത്തിയ്ക്കുക.
ദിവസവും രാവിലെ 9.30ന് പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും നല്കുന്ന ആദ്യത്തെ 150 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ അവസരം നല്കുക. വഴുതക്കാട് ശ്രീമൂലം ക്ലബിന് എതിര്‍വശത്ത് സെന്റര്‍ പ്ലാസയുടെ നാലാം നിലയില്‍ റൂട്ട്സിന്റെ ഓഫീസിലാണ് കൗണ്ടര്‍ പ്രവര്‍ത്തിയ്ക്കുക.
അപേക്ഷാഫാറം ഓഫീസില്‍ നിന്ന് സൗജന്യമായി നല്കും. ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാണ് സാക്ഷ്യപ്പെടുത്തല്‍ സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അടുത്ത ബന്ധുക്കള്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താം. സാക്ഷ്യപ്പെടുത്താന്‍ 50 രൂപയുടെ ഇന്ത്യന്‍ പോസ്റര്‍ ഓര്‍ഡര്‍ സെക്രട്ടറി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്കന്ററി ആന്റ് ഹയര്‍ എജ്യൂക്കേഷന്‍ എന്ന പേരില്‍ ദില്ലിയില്‍ മാറാവുന്ന വിധം എടുക്കണം. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ ഒന്ന്, രണ്ട്, അവസാനപേജുകളുടെ പകര്‍പ്പ് എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവരണം.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഒന്നാം പേജിന്റെയും പരീക്ഷ വിജയിച്ചു എന്ന് തെളിയിക്കുന്ന പേജിന്റെയും പകര്‍പ്പാണ് എടുക്കേണ്ടത്. അപേക്ഷകന്‍ വിദേശത്താണെങ്കില്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമേ തെളിവായി സ്വീകരിക്കൂ. ഉദ്യോഗാര്‍ത്ഥിയുടെ പ്രതിനിധിയാണ് വരുന്നതെങ്കില്‍ മൂന്നാംപേജ് പൂരിപ്പിക്കണം. ഫോമില്‍ അപേക്ഷകന്റെ പേര്, ഒപ്പ്, തീയതി എന്നിവ വേണം.
ഇവിടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ റൂട്ട്സില്‍ സ്വീകരിയ്ക്കൂ. യുഎഇ എംബസിയുടെ സാക്ഷ്യപ്പെടുത്തലിന് ഓരോ സര്‍ട്ടിഫിക്കറ്റിനും 750 രൂപയാണ് ഫീസ്. ഇതിന് പുറമെ റൂട്ട്സിന് 500 രൂപ സര്‍വീസ് ചാര്‍ജ്ജ് നല്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ദില്ലിയില്‍ സാക്ഷ്യപ്പെടുത്തി തിരിച്ചെത്താന്‍ 20 ദിവസമെങ്കിലും എടുക്കും.












Click it and Unblock the Notifications