കോളകളില്‍ കീടനാശിനി: കേന്ദ്രസമിതി
ദില്ലി: കോളകളില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന് റിപ്പോര്‍ട്ട്. ശീതളപാനീയങ്ങളില്‍ കീടനാശിനിയുടെ അംശമുണ്ടോ എന്ന് അന്വേഷിയ്ക്കാന്‍ കേന്ദ്രം നിയോഗിച്ച സംയുക്തപാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (സിഎസ്സി) പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതാണ് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. സിഎസ്സി അംഗീകാരമുള്ള ഏജന്‍സിയില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നതെന്നും സംയുക്ത പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നു.
അഞ്ചുമാസക്കാലത്തെ അന്വേഷണത്തിന് ശേഷമാണ് സമിതി 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിയ്ക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഫിനിഷ്ഡ് കോള ഉല്പന്നങ്ങള്‍ക്ക് ഗുണനിലവാരം നിശ്ചയിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ശരത് പവാറിന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ രമേശ് ചെന്നിത്തല എംപിയും അംഗമാണ്. ഈയിടെ സമിതി പ്ലാച്ചിമട ഫാക്ടറി സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications