ബജറ്റില്‍ കേരളത്തിന് ഒന്നുമില്ല
തിരുവനന്തപുരം: കേന്ദ്രധനകാര്യമന്ത്രി ജസ്വന്ത് സിംഗ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേരളത്തിന് യാതൊന്നുമില്ല.
നാല് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്ന് പോലും കേരളത്തിനില്ല. ഇതിനായി കേരളം പ്രത്യേകം പദ്ധതി നല്കിയിരുന്നതാണ്. ആറ് അഖിലേന്ത്യാ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ഒന്നു പോലും കേരളത്തിനില്ല. ആരോഗ്യരംഗത്ത് ഇത്രയും വലിയ പുരോഗതി കൈവരിച്ച സംസ്ഥാനമായിട്ടാണ് കേരളത്തോട് ഈ അവഗണന. കേന്ദ്രം പ്രഖ്യാപിച്ച 16 ടൂറിസം അവാര്‍ഡുകളില്‍ എട്ടെണ്ണവും നേടിയ കേരളത്തിന് ഒരു ടൂറിസം പദ്ധതിപോലുമില്ല.
കേരളത്തിന് പുതിയ ഒരു ഐഐടി നല്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ബജറ്റില്‍ ഇത് സംബന്ധിച്ച് ഒരു സൂചനയുമില്ല. പുതിയ മെഡിക്കല്‍ കോളെജുകളും കേരളത്തിനില്ല.
കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടി എന്നതാണ് ഏക ആശ്വാസം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിനും കൊച്ചിന്‍ ഓയില്‍ റിഫൈനറീസിനുമാണ് കേന്ദ്രസഹായം ലഭിച്ചിട്ടുള്ളത്. 212 കോടി രൂപയാണ് കൊച്ചിന്‍ ഓയില്‍ റിഫൈനറീസിന് നല്കുക.
അടുത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ബജറ്റായിരുന്നതിനാല്‍ കേരളത്തിന് അവഗണന സ്വാഭാവികമാണ്. കാരണം വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി ഒരു ഘടകമേയല്ല. അതേ സമയം ജയലളിതയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനാല്‍ തമിഴ്നാടിന് ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications